ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്; ചുമതല നൽകി സുപ്രീംകോടതി
text_fieldsകറാക്കസ്: വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ സുപ്രീംകോടതി ഇടക്കാല പ്രസിഡന്റായി നിയമിച്ചു. ഭരണഘടനാ വ്യവസ്ഥകൾ 233, 234 എന്നിവ പ്രകാരമാണ് അധികാരക്കാമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്നാണ് ഭരണഘടനാ വ്യവസ്ഥ. വെനസ്വേലയിൽ യു.എസ് നടത്തിയ കടന്നു കയറ്റത്തിന് പിന്നാലെ പ്രസിഡന്റ് നികളസ് മദുറോയേയും ഭാര്യ സീലിയ ഫ്ലോറസിനേയും ബന്ദികളാക്കി ന്യൂയോർക്കിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെനസ്വേല സുപ്രീം കോടതിയുടെ ഇടപെടൽ.
മദുറോയെ യു.എസ് ബന്ദിയാക്കി കൊണ്ടുപോയതിന് മണിക്കൂറുകൾക്കുള്ളിൽ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്റ് പരമ്പരയിൽ അടുത്ത സ്ഥാനത്തായിരുന്നു ഡെൽസി റോഡ്രിഗസ്. 2018 മുതൽ മദുറോയുടെ മന്ത്രിസഭയിൽ വൈസ് പ്രസിഡന്റായി തുടരുന്നു. വെനിസ്വേലയുടെ എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മേൽനോട്ടം വഹിച്ചിരുന്നു.
മദുറോ പിടിക്കപ്പെട്ടതിനു ശേഷം ഡെൽസി റോഡ്രിഗസ് തന്നോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും സംസാരിച്ചുവെന്നും വാഷിങ്ടണുമായി സഹകരിക്കാൻ തയ്യാറെന്ന് അവർ സമ്മതിച്ചെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ റോഡ്രിഗസ് നടത്തിയ പ്രസ്താവനകളിൽ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട യാതൊരു സൂചനയും നൽകിയിട്ടില്ല.
വിദേശകാര്യ മന്ത്രിയെന്ന നിലയിൽ ഐക്യരാഷ്ട്രസഭ പോലുള്ള വേദികളിൽ റോഡ്രിഗസ് വെനിസ്വേലയെ പ്രതിനിധീകരിച്ചു. അമേരിക്കൻ നേതൃത്വത്തിൽ മറ്റ് സർക്കാരുകൾ തന്റെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അവർ യു.എൻ പൊതുസഭയിൽ തുറന്നു പറഞ്ഞിരുന്നു. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി ഡെൽസി റോഡ്രിഗസ് പ്രവർത്തിച്ചു വരുന്നുണ്ട്. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്.
1969 മേയ് 18ന് കരാക്കസിലാണ് ഡെൽസി റോഡ്രിഗസിന്റെ ജനനം. 1970കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളി ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ്. സഹോദരൻ ജോർജ്ജ് റോഡ്രിഗസും രാഷ്ട്രീയക്കാരനാണ്. നിലവിൽ അദ്ദേഹം ദേശീയ അസംബ്ലിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.
2013ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്നു ഡെൽസി റോഡ്രിഗസ്. 2014-17 കാലത്ത് വിദേശകാര്യ മന്ത്രിയായി. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനിസ്വേലയെ പ്രതിനിധീകരിച്ചു. വൈസ് പ്രസിഡന്റാകുന്നതിന് മുമ്പ്, 2017 മുതൽ 2018 വരെ അവർ ദേശീയ ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷയായി. പുതിയ ഭരണഘടന തയ്യാറാക്കുന്നതിനാണ് ഈ ബോഡി സൃഷ്ടിക്കപ്പെട്ടിരുന്നത്. വെനിസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് 1993ൽ ബിരുദം നേടി. പഠനകാലത്ത് തന്നെ വിദ്യാഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.
ശനിയാഴ്ച കറാക്കാസിൽ വിവിധ സ്ഥലങ്ങളിൽ ജനം തെരുവിലിറങ്ങി. സർക്കാറിനെ പിന്തുണച്ച് റാലി നടത്തുകയും അമേരിക്കൻ പതാകകൾ കത്തിക്കുകയും ചെയ്തു. എന്നാൽ യു.എസ് ആക്രമണ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഭീതിയുടെ അന്തരീക്ഷം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

