ബന്ദികളെ വധിച്ചതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രായേൽ പ്രതിരോധ തലവൻ
text_fieldsതെൽ അവീവ്: ഹമാസ് ബന്ദികളാക്കിയവരിൽ മൂന്നുപേരെ അബദ്ധത്തിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ പ്രതിരോധ സേന തലവൻ യോവ് ഗാലൻഡ്. ദാരുണമായ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും ഗസ്സയിലെ സങ്കീർണമായ യുദ്ധത്തിൽ സൈനികർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
യോതം ഹൈം, സാമിർ തലൽക, അലോൺ ഷംരിസ് എന്നിവരെയാണ് ഇസ്രായേൽ സൈന്യം തന്നെ അബദ്ധത്തിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. വടക്കൻ ഗസ്സയിലെ ശുജാഇയ്യയിലെ പോരാട്ടത്തിനിടെയാണ് സംഭവം. വെള്ളക്കൊടി ഉയർത്തി അവർ സഹായത്തിനായി ഹീബ്രൂ ഭാഷയിൽ അലറുന്നുണ്ടായിരുന്നുവെന്ന് ഇസ്രായേൽ സൈന്യത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രോട്ടോകോൾ ലംഘിച്ചാണ് സൈനികർ വെടിയുതിർത്തതെന്ന് റിപ്പോർട്ടിലുണ്ട്. സഹിക്കാൻ കഴിയാത്ത ദുരന്തം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സംഭവത്തെ വിശേഷിപ്പിച്ചത്.
ഹമാസ് നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് എത്തിയെന്ന് ഇസ്രായേൽ സൈന്യം പറയുന്ന മൂന്നുപേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അക്രമത്തിന് എത്തിയവരെന്ന് സംശയിച്ച് മൂന്നുപേർക്കെതിരെയും സേന വെടിയുതിർക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇവർ നേരത്തെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരാണെന്ന് വ്യക്തമായത്. പ്രയാസം നിറഞ്ഞതും വേദനാജനകവുമായ സംഭവമെന്നാണ് ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി പ്രതികരിച്ചത്.
‘ഐ.ഡി.എഫും അതിന്‍റെ കമാൻഡർ എന്ന നിലയിൽ ഞാനും ദാരുണ സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഇത്തരം കേസുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ നടപടിയെടുക്കും’ -ഹലേവി പറഞ്ഞു. കരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് പുതിയ പ്രോട്ടോകോൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

