യു.എസിനെ ആശ്രയിക്കാൻ കഴിയില്ല; പ്രതിരോധ മേഖലയിൽ വൻ തുക മുടക്കാൻ യൂറോപ്
text_fieldsബ്രസൽസ്: യുക്രെയ്നുള്ള ആയുധ സഹായങ്ങളും റഷ്യൻ നീക്കങ്ങളെ കുറിച്ച് രഹസ്യ വിവരം കൈമാറുന്നതും യു.എസ് അവസാനിപ്പിച്ചതിന് പിന്നാലെ സുരക്ഷക്കും പ്രതിരോധത്തിനും വൻ തുക നിക്ഷേപിക്കാൻ ആഹ്വാനം നൽകി യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി. യുക്രെയ്ൻ യുദ്ധം വിജയിച്ചതിന്റെ ധൈര്യത്തിൽ ഏത് യൂറോപ്യൻ രാജ്യത്തെയും റഷ്യ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സഹായത്തിനായി യു.എസിനെ ആശ്രയിക്കാൻ കഴിയില്ലെന്നുമുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ ഉച്ചകോടി നടക്കുന്നത്.
പതിറ്റാണ്ടുകളായി പ്രതിരോധ മേഖലക്കുവേണ്ടി കാര്യമായ തുക നീക്കിവെക്കാതിരുന്ന യൂറോപ്യൻ രാജ്യങ്ങളുടെ നയത്തിലുള്ള വ്യക്തമായ വ്യതിയാനമാണ് പുതിയ ആഹ്വാനം. റഷ്യൻ ഭീഷണി മറികടക്കാൻ ഫ്രാൻസിന്റെ ആണവായുധ സാങ്കേതിക വിദ്യ മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി പങ്കുവെക്കാൻ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിരോധത്തിനുവേണ്ടി കൂടുതൽ കൂടുതൽ ചെലവഴിക്കുക എന്നതാണ് ഉച്ചകോടി നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സൺ പറഞ്ഞു.
കുറഞ്ഞ സമയപരിധിക്കുള്ളിൽ യൂറോപ്പിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള വഴികൾ സംബന്ധിച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും നിയുക്ത ജർമൻ ചാൻസലർ ഫ്രീഡ്റിച്ച് മേർസും ചർച്ച നടത്തി. ഈ ആയുധ മത്സര വെല്ലുവിളി യൂറോപ് ഏറ്റെടുക്കണമെന്നും വിജയിക്കണമെന്നും പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ആവശ്യപ്പെട്ടു. റഷ്യയുമായുള്ള ഏത് സൈനിക, സാമ്പത്തിക ഏറ്റുമുട്ടലിലും വിജയിക്കാൻ യൂറോപ്പിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

