മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധർ; ഇന്ത്യയെ സംബന്ധിക്കുന്ന റിപ്പോർട്ടിൽ യു.എസ്
text_fieldsവാഷിങ്ടൺ: മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അമേരിക്ക. ഇന്ത്യയടക്കം 17 രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നത് സംബന്ധിച്ച് യു.എസ് ഏജൻസി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ് യു.എസ് പ്രതികരണം.
ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായെന്ന് മതസ്വതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ സർക്കാർ കമ്മീഷനായ യു.എസ്.സി.ഐ.ആർ.എഫിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയിലെ മുസ്‍ലിം സമൂഹത്തെ സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയത്തിൽ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും യു.എസ് അറിയിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്രതലത്തിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് സംസാരിക്കുന്നുണ്ടെന്നും മാത്യു മില്ലർ പറഞ്ഞു. ഇന്ത്യയിൽ മുസ്‍ലിംകളെ അപരവൽക്കരിക്കുന്നത് സംബന്ധിച്ച് ന്യൂയോർക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു മില്ലറിന്റെ പ്രതികരണം.
ലേഖനത്തിൽ മോദി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തിന്റെ മതേതര സ്വഭാവവും ജനാധിപത്യവും ഇല്ലാതായെന്ന് വിമർശിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്‍ലിം കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ് കഴിയുന്നതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
നേരത്തെ റിപ്പോട്ടിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു. യു.എസ്.സി.ഐ.ആർ.എഫ് രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരാമയ സംഘടനയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാർമ്മികത കമ്മീഷൻ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. കമ്മീഷൻ ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

