Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെനിസ്വേല ഭൂകമ്പം:...

വെനിസ്വേല ഭൂകമ്പം: മരണം 3,889 ആയി ഉയർന്നു, പകർച്ച വ്യാധി ഭീഷണിയിൽ ദുരന്തബാധിത പ്രദേശങ്ങൾ

text_fields
bookmark_border
വെനിസ്വേല ഭൂകമ്പം: മരണം 3,889 ആയി ഉയർന്നു, പകർച്ച വ്യാധി ഭീഷണിയിൽ ദുരന്തബാധിത പ്രദേശങ്ങൾ
cancel

കറാക്കസ്: വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,889 ആയി ഉയർന്നുവെന്ന് സർക്കാർ കണക്കുകൾ. ദുരന്തബാധിത പ്രദേശങ്ങളിൽ പകര്‍ച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യതയേറുന്നതായി പ്രാദേശിക ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിൽ 16,740 പേർക്ക് പരിക്കേൽക്കുകയും 17,907 പേർ പാർപ്പിടം നഷ്ടമാവുകയും ചെയ്തതായി നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് വ്യാഴാഴ്ച അറിയിച്ചു. ദുരന്തം ഏറ്റവും കൂടുതൽ നാശം വിതച്ച വെനിസ്വേലയുടെ വടക്കൻ തീരപ്രദേശങ്ങളിലെ ജനങ്ങൾ ശുദ്ധജലത്തിന്‍റെ ലഭ്യതക്കുറവ് മൂലവും കൃത്യമായ വൈദ്യസഹായം ലഭിക്കാത്തതിനാലും രോഗബാധ ഭീഷണിയിലാണെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (പി.എ.എച്ച്.ഒ) മുന്നറിയിപ്പ് നൽകി.

`വരും ആഴ്ചകളിൽ, ഭൂകമ്പം മൂലമുണ്ടായ പരിക്കുകൾ മാത്രമല്ല ആരോഗ്യരംഗത്ത് വലിയ വെല്ലുവിളി ഉയർത്തുക. ആരോഗ്യ സേവനങ്ങളിലെ തടസ്സങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ ജനപ്പെരുപ്പം, ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും കുറവ്, പ്രതിരോധ കുത്തിവെപ്പുകളുടെയും സാധാരണ ചികിത്സകളുടെയും ലഭ്യതക്കുറവ് എന്നിവയും വലിയ ഭീഷണിയാകും' പി.എ.എച്ച്.ഒ ഡയറക്ടർ ജാർബാസ് ബാർബോസ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കിടയിൽ, പ്രത്യേകിച്ച് വീട് നഷ്ടപ്പെട്ടവർക്കായി ഒരുക്കിയ താൽക്കാലിക കേന്ദ്രങ്ങളിൽ, ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ശ്വാസകോശ സംബന്ധമായതോ മറ്റ അസുഖങ്ങളോ പടർന്നുപിടിക്കുന്നത് തടയാനും പ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പാക്കാനും വെനിസ്വേലൻ ആരോഗ്യ മന്ത്രാലയവുമായി പി.എ.എച്ച്.ഒ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര ധനാസഹാ‍യമായി 30 കോടി ഡോളർ യു.എന്‍ അനുവദിച്ചിട്ടുണ്ട്.

`ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ് രണ്ട് ആഴ്ച പിന്നിട്ടതോടെ കൃത്യമായ ചികിത്സ ലഭിക്കാത്തതിനാലാണ് ആളുകൾ ഇപ്പോൾ ക്യാമ്പുകളിലേക്ക് എത്തുന്നതെന്ന് വ്യക്തമാണ്. ഇപ്പോൾ അവർ വരുന്നത് ഒടിവുകൾക്കും ചതവുകൾക്കും ചികിത്സ തേടിയല്ല, മറിച്ച് ദീർഘകാല രോഗങ്ങൾക്കുള്ള ചികിത്സയ്ക്കാണ്. ഈ സമയത്ത് അവർക്കൊപ്പം ഉണ്ടാകുക എന്നത് തികച്ചും അനിവാര്യമാണ്' വെനിസ്വേല സന്ദർശിച്ച യു.എന്‍ ദുരിതാശ്വാസവിഭാഗം മേധാവി ടോം ഫ്ലെച്ചർ അറിയിച്ചു.

അതേസമയം, വടക്കൻ സംസ്ഥാനമായ ലാ ഗ്വൈറയിലെ ക്യാമ്പുകളിൽ ചർമ രോഗങ്ങളും വയറിളക്കവും വർധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നിന്‍റെ ആവശ്യവും വർധിച്ചിട്ടുണ്ട്. ഭൂചലനത്തിന് മുമ്പ് തന്നെ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ജനപ്പെരുപ്പവും ശുചിത്വമില്ലായ്മയുമാണ് ഇപ്പോൾ പടരുന്ന രോഗങ്ങൾക്ക് പ്രധാന കാരണം. നിലവിൽ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും അന്താരാഷ്ട്ര മാനുഷിക സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകളാണ് നിർവഹിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelawolrd newsEarthquakDisease Spread
News Summary - Venezuela Earthquake: Death Toll Rises to 3,889; Disaster-Hit Areas Face Threat of Epidemics
Next Story