പേരിനുപോലും വെടിനിർത്തലില്ല; ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു; മരണസംഖ്യ ആയിരം കടന്നു
text_fieldsഗസ്സ: അമേരിക്കയുടെ മധ്യസ്ഥതയിൽ ഒക്ടോബറിൽ ഹമാസും ഇസ്രായേലും തമ്മിൽ ഒപ്പുവെച്ച ‘വെടിനിർത്തൽ’ കരാർ വെറും കടലാസ് മാത്രമായി മാറുന്നു. കരാർ നിലവിൽ വന്നെങ്കിലും ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്ക് ഒട്ടും കുറവില്ലെന്നും മാനുഷിക സഹായങ്ങൾ ലഭ്യമാക്കുന്നതിൽ നിരന്തരം ലംഘനങ്ങൾ നടന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം മാത്രം 1,005 ഫലസ്തീനികൾ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേൽ വംശഹത്യയുടെ ഏറ്റവും മോശമായ അവസ്ഥ കഴിഞ്ഞുവെന്ന് കരുതി ആശ്വാസം കൊണ്ടിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെ മണ്ണോട് ചേർക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും താൽക്കാലിക ടെന്റുകളും മാത്രമാണ് ഗസ്സയിൽ അവശേഷിക്കുന്നത്. ഇതിനിടെ വൈദ്യസഹായം ആവശ്യമുള്ളവർ പോലും നെട്ടോട്ടമോടുകയാണ്.
കരാർ പ്രകാരമുള്ള വ്യവസ്ഥകൾ ഇസ്രായേൽ നിരന്തരം ലംഘിക്കുകയാണ്. മേഖലയിൽ നിന്ന് സൈന്യം വിട്ടുപോകാത്തതും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലെ നിയന്ത്രണവും ഗസ്സയിലെ ജനജീവിതം ദുസ്സഹമാക്കുന്നതാണ്.
കരാറിലെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ ഇരുപക്ഷവും പരാജയപ്പെട്ടത് സ്ഥിതി കൂടുതൽ വഷളാക്കിയത്. കരാർ പ്രകാരം ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറേണ്ടതായിരുന്നുവെങ്കിലും ഇപ്പോൾ ഗസ്സയുടെ 64 ശതമാനം പ്രദേശവും ഇസ്രായേൽ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിൽ തന്നെയാണ്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറാത്ത പക്ഷം ആയുധങ്ങൾ അടിയറവ് വെക്കില്ലെന്ന് ഹമാസ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
കരാറിന്റെ ഒന്നാം ഘട്ടത്തിലെ ബാധ്യതകളുടെ മുപ്പത് ശതമാനം പോലും നടപ്പാക്കാൻ ഇസ്രായേൽ തയാറായിട്ടില്ലെന്നും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിലും ഇസ്രായേൽ പരാജയപ്പെട്ടുവെന്നും ഹമാസ് പറഞ്ഞു. കരാർ പ്രകാരം പ്രതിദിനം 600 സഹായ ട്രക്കുകൾ പ്രവേശിപ്പിക്കേണ്ട സ്ഥാനത്ത് 150 നും 250 നും ഇടയിൽ ട്രക്കുകൾ മാത്രമാണ് നിലവിൽ ഗസ്സയിലേക്ക് കടത്തിവിടുന്നത്.
കിഴക്കൻ ഗസ്സ സിറ്റിയിൽ പുതിയതായി സ്ഥാപിച്ച സിമന്റ് ബ്ലോക്കുകൾ ഇസ്രായേലിന്റെ നിയന്ത്രണ മേഖല (യെല്ലോ ലൈൻ) കൂടുതൽ വികസിക്കുന്നതിന്റെ ഭീതി ഉണർത്തുന്നുണ്ട്. ഇതിനെത്തുടർന്ന് നിരവധി കുടുംബങ്ങൾ വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.
ആരോഗ്യ മേഖലയുടെ അവസ്ഥയും അതീവ ഗുരുതരമാണ്. ഗസ്സയിലെ 37 ആശുപത്രികളിൽ ഒന്നുപോലും പൂർണമായി പ്രവർത്തനക്ഷമമല്ല. വെറും 20 ആശുപത്രികൾ മാത്രമാണ് ഭാഗികമായി സേവനം നൽകുന്നത്. ആവശ്യത്തിന് മരുന്നുകളോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാതെ ജനങ്ങൾ ദുരിതക്കയത്തിലാണ്. ലോകനേതാക്കൾ കരാറുകളെക്കുറിച്ച് വാചാലരാകുമ്പോഴും, ഗസ്സയിലെ സാധാരണക്കാരുടെ ജീവന് ഒരു വിലയും കൽപ്പിക്കപ്പെടുന്നില്ലെന്ന് മെഡിക്കൽ എയ്ഡ് ഫോർ ഫലസ്തീൻസിലെ ഗസ്സ ഡയറക്ടർ ഫിക്ർ ഷാലൂട്ട് ആരോപിച്ചു.
ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടയുന്നതും കുഞ്ഞുങ്ങൾക്ക് നേരെയും ആരോഗ്യപ്രവർത്തകർക്ക് നേരെയും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ആഗോള തലത്തിൽ കടുത്ത വിമർശനമുയർത്തുന്നുണ്ട്. അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും ഇസ്രായേൽ സൈനിക നടപടികൾ തുടരുമ്പോൾ, സമാധാന കരാറുകൾ ഫലസ്തീനികളുടെ കണ്ണീരൊപ്പാൻ അപര്യാപ്തമാണെന്ന തിരിച്ചറിവാണ് ലോകമെമ്പാടും ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

