Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശിക്ഷ പുനഃസ്ഥാപിച്ചു: സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്; ബുർക്കിന ഫാസോയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൈനിക സർക്കാർ

text_fields
bookmark_border
news
cancel

വാഗഡൂഗു: ഭീകരവാദം, രാജ്യദ്രോഹം, ചാരവൃത്തി തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് വധശിക്ഷ പുനഃസ്ഥാപിച്ച് ബുർക്കിന ഫാസോ. സൈനിക ഭരണാധികാരി ക്യാപ്റ്റൻ ഇബ്രാഹിം ട്രോറെയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ ഇടക്കാല പാർലമെന്റാണ് പുതിയ ശിക്ഷാനിയമത്തിന് അംഗീകാരം നൽകിയത്.

ഒക്ടോബർ 20ന് നടന്ന വോട്ടെടുപ്പിൽ 71 പാർലമെന്റ് അംഗങ്ങളും നിയമത്തെ പിന്തുണച്ചു. 2018ൽ നിർത്തലാക്കിയ വധശിക്ഷയാണ് ഇതോടെ രാജ്യത്ത് വീണ്ടും നിലവിൽ വന്നത്. 1988ലാണ് ബുർക്കിന ഫാസോയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഭീകരവാദം നേരിടുന്നതിനും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കടുത്ത ശിക്ഷകൾ ആവശ്യമാണെന്ന് നീതിന്യായ മന്ത്രി എഡാസോ റോഡ്രിഗ് ബയാല പറഞ്ഞു. ഇതിനുപുറമെ, രാജ്യത്ത് സൗന്ദര്യമത്സരങ്ങൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 8ന് കമ്മ്യൂണിക്കേഷൻ, കൾച്ചർ, ആർട്സ് ആൻഡ് ടൂറിസം മന്ത്രാലയമാണ് സൗന്ദര്യമത്സരങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്.

പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതുവരെ വിലക്ക് തുടരും. ദേശീയ പാരമ്പര്യങ്ങൾ, സാംസ്കാരിക സ്വത്വം, സാമൂഹിക മൂല്യങ്ങൾ എന്നിവ ഇത്തരം പരിപാടികളിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി. ഈ കാലയളവിൽ സൗന്ദര്യമത്സരങ്ങൾ നടത്തുന്നതിനുള്ള അനുമതിയും നൽകില്ല.

അതേസമയം, യുവതികളെ ശാസ്ത്രപഠനത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ, ബുദ്ധിമതിയായ സ്ത്രീ അല്ലെങ്കിൽ ജ്ഞാനമുള്ള സ്ത്രീ എന്നർഥം വരുന്ന 'ഹകിലി മൂസോ'(HAKILI Mousso) എന്ന ദേശീയ ശാസ്ത്രമത്സരവും ആരംഭിച്ചു. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ യുവതികളുടെ താൽപര്യം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം.

84 യുവതികളാണ് മത്സരത്തിൽ പങ്കെടുത്തത്. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് പുരസ്കാരങ്ങളും വിദ്യാഭ്യാസ സഹായവും നൽകി. പ്രസിഡന്റ് ഇബ്രാഹിം ട്രയോറെ വിജയികളുമായി കൂടിക്കാഴ്ച നടത്തുകയും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കരിയർ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച് ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വധശിക്ഷ പുനഃസ്ഥാപിച്ചതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾക്കെതിരെ വധശിക്ഷ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും രാജ്യത്തെ പൗരസ്വാതന്ത്ര്യങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് മുന്നറിയിപ്പ് നൽകി. ആംനസ്റ്റി ഇന്റർനാഷണലും വധശിക്ഷയെ എതിർത്തു.

അതേസമയം, സൗന്ദര്യമത്സരങ്ങൾക്കുള്ള വിലക്കിലും അഭിപ്രായഭിന്നതയുണ്ട്. സ്ത്രീകളുടെ അക്കാദമിക് നേട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനെ ചിലർ സ്വാഗതം ചെയ്യുമ്പോൾ, സ്ത്രീകൾക്ക് സ്വന്തം താൽപര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നാണ് വിമർശകരുടെ നിലപാട്.

2022 സെപ്റ്റംബറിൽ ഇബ്രാഹിം ട്രോറെ അധികാരം പിടിച്ചെടുത്തതുമുതൽ ബുർക്കിന ഫാസോ സൈനിക ഭരണത്തിന് കീഴിലാണ്. സുരക്ഷ, സംസ്കാരം, വ്യക്തിസ്വാതന്ത്ര്യം എന്നിവയിൽ സർക്കാർ സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെ ഭാഗമായാണ് പുതിയ നടപടികളെ വിലയിരുത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Death Penalty Restointed; Beauty Pageants Banned: Military Government Tightens Restrictions in Burkina Faso
Next Story