Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഇറാൻ കരാർ തീർന്നു,...

‘ഇറാൻ കരാർ തീർന്നു, ചർച്ച പാഴ്​വേല’ -ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധാശങ്ക വിതച്ച് പ്രഖ്യാപനം

text_fields
bookmark_border
‘ഇറാൻ കരാർ തീർന്നു, ചർച്ച  പാഴ്​വേല’ -ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധാശങ്ക വിതച്ച് പ്രഖ്യാപനം
cancel

വാഷിങ്ടൺ: ഇറാൻ കരാർ അവസാനിച്ചതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെഹ്റാനുമായുള്ള ചർച്ച പാഴ്വേലയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെയാണ് ആശങ്ക വർധിപ്പിച്ച് പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഇറാനിയൻ പ്രവിശ്യകളായ ഹോർമോസ്ഗാനിലും മാഹ്ഷാറിലും അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിലുള്ള ട്രംപ് ഈ പ്രസ്താവന നടത്തിയത്.

ഇറാനിയൻ ഭരണകൂടത്തെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ച ട്രംപ്, അവർ അപകടകാരികളാണെന്നും അവരുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നും കൂട്ടിച്ചേർത്തു.

ഇറാൻ നടത്തിയ കപ്പൽ ആക്രമണങ്ങളും അതിന് മറുപടിയായി അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളും മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനുമായുള്ള കരാർ തകർന്നതായി ട്രംപ് കൂടി പ്രഖ്യാപിച്ചതോടെ, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുമെന്ന് ഉറപ്പായി.

ഇതിനിടെ മേഖലയിൽ സംഘർഷ ഭീതി പരത്തി ഇറാന്റെ തിരിച്ചടി നടത്തുകയും ചെയ്തു. യു.എസിന്റെ ഒരു എം.ക്യു 9 ഡ്രോൺ ഇറാൻ വെടിവച്ചിട്ടു. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ചാണ് വെടിവെച്ചിട്ടതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് വക്താവ് ഹുസൈൻ മുഹ്ബി അറിയിച്ചതായി തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എസ് സൈന്യം ആക്രമിച്ചതിനാലാണ് തിരിച്ചടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെയും കുവൈത്തിലെയും 85 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.

ഇറാൻറെ തെക്കൻ പ്രവിശ്യകൾക്ക് നേരെയുണ്ടായ യു.എസ് ബോംബാക്രമണത്തിനുള്ള ‘പ്രാഥമിക മറുപടി’യാണ് ഇതെന്നാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കുന്നത്. ബഹ്‌റൈനിലെ യു.എസ് അഞ്ചാം കപ്പൽപ്പടയുടെ താവളവും കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളവും ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായും ഐ.ആർ.ജിസി അവകാശപ്പെടുന്നു.

കുവൈത്തിന് നേരെ ഇന്ന് പുലർച്ചെ ആറ് മണിയോടെ ആയിരുന്നു പുതിയ ആക്രമണം.അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർഥിച്ചു.

ബഹ്‌റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ജനങ്ങളോട് ശാന്തരായിരിക്കാനും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.അമേരിക്കൻ സൈന്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് മേഖലയാകെ കനത്ത ജാഗ്രതയിലാണ്.

ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്.

ചൊവ്വാഴ്ച ആരംഭിച്ച സൈനിക നടപടിയിൽ ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, ഉപരിതലത്തിൽനിന്ന് വായുവിലേക്കുള്ള മിസൈലുകൾ, കപ്പൽവേധ ക്രൂയിസ് മിസൈലുകൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യു.എസ് ലക്ഷ്യമിട്ടതെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണ ഇറാനിലെ സിരിക് തുറമുഖം, ഖഷം ദ്വീപ്, ബന്ദർ അബ്ബാസ് എന്നിവക്ക് സമീപം സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിരിക് തുറമുഖത്തെ വാണിജ്യ കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിൽ പലർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഹുർമുസ് കടലിടുക്കിൽ സൗദി അറേബ്യയുടെയും ഖത്തറിന്റെയും കപ്പലുകൾ ഉൾപ്പെടെ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതാണ് യു.എസ് നടപടിക്ക് വഴിവെച്ചത്. ഒരു ഖത്തറി എൽ.എൻ.ജി ടാങ്കറിന് നേരെ അജ്ഞാത ആക്രമണം ഉണ്ടായപ്പോൾ, സൗദി ടാങ്കറിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കയുടെ നടപടി കരാറിന്റെ പത്താം വകുപ്പിന്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഫെബ്രുവരി അവസാനം മുതൽ ഇറാനെതിരെ യു.എസും ഇസ്രായേലും തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട കരാറാണിത്. തങ്ങളുടെ ദേശീയ സുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾക്കായി ഇറാഖിലായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആക്രമണവാർത്തയെത്തുടർന്ന് രാജ്യത്തേക്ക് മടങ്ങിയിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TehranDonald TrumpUS Iran WarCeasefire Talks
News Summary - 'Deal With Iran Is Over': Trump Makes Surprise Announcement Amid West Asia Tensions
Next Story