Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രാൻസ് വെടിവെപ്പ് ‘വംശീയ ഭീകരാക്രമണം’; അക്രമിയെ തിരിച്ചറിഞ്ഞു

text_fields
bookmark_border
ഫ്രാൻസ് വെടിവെപ്പ് ‘വംശീയ ഭീകരാക്രമണം’; അക്രമിയെ തിരിച്ചറിഞ്ഞു
cancel

പാരിസ്: ഫ്രാൻസ് തലസ്ഥാനമായ പാരിസിന് സമീപം ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പിനെ ‘വംശീയ ഭീകരാക്രമണം’ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കുടിയേറ്റ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിലെ നിർണായക വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു.

പാരിസിന്റെ തെക്കുപടിഞ്ഞാറുള്ള ട്രാപ്പസ് പട്ടണത്തിലും സമീപത്തെ ലാ വെറിയറിലുമായി വെള്ളിയാഴ്ചയായിരുന്നു ആക്രമണം. കാറിൽ സഞ്ചരിച്ച അക്രമി ഏകദേശം 15 മിനിറ്റിനിടെ വിവിധ സ്ഥലങ്ങളിൽ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരിൽ 12 വയസ്സുകാരിയും ഉൾപ്പെടുന്നു. ഇവരടക്കം മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആളുകളുടെ തൊലിനിറവും മതവും പരിഗണിച്ചാണ് അവരെ ലക്ഷ്യമിട്ടതെന്ന് ആക്രമണസ്ഥലം സന്ദർശിച്ച മാക്രോൺ പറഞ്ഞു. സമൂഹത്തിൽ വേരുറപ്പിക്കുന്ന വിദ്വേഷ ആശയങ്ങൾക്കെതിരെ ജനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്ന സംശയത്തിലാണ് ഫ്രാൻസിന്റെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം നടത്തുന്നത്.

കെവിൻ ടി. എന്ന പേരിലാണ് പ്രതിയെ ഫ്രഞ്ച് മാധ്യമങ്ങൾ തിരിച്ചറിഞ്ഞത്. 39 വയസ്സുകാരനായ ഇയാൾക്ക് നേരത്തേ നാല് കുറ്റങ്ങളിൽ ശിക്ഷ ലഭിച്ചിരുന്നുവെന്നും അവ നിയമപ്രകാരം രേഖകളിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നുവെന്നും പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

പ്രതി പൊലീസിന് പരിചിതനായിരുന്നെങ്കിലും ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുള്ളവരുടെ പട്ടികയിലും ഇയാൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിയുടെ അടുത്ത കുടുംബവൃത്തത്തിലുള്ള ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സാക്ഷികളുടെ മൊഴിപ്രകാരം, കാറിൽ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് അക്രമി വെടിയുതിർത്തത്. ട്രാപ്പസിലെ പെട്രോൾ പമ്പ്, മെഡിക്കൽ സെന്റർ, കുട്ടികൾ കളിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ ആളുകളെ ലക്ഷ്യമിട്ടശേഷം ഇയാൾ ലാ വെറിയറിലേക്ക് കടന്നതായി പട്ടണത്തിന്റെ മേയർ അലി റബെ പറഞ്ഞു. കഴിയുന്നത്ര ആളുകളെ കൊല്ലുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് തോന്നുന്നതായും ഇയാൾ വലിയ കൂട്ടക്കൊലയ്ക്കാണ് ശ്രമിച്ചതെന്നും മേയർ പ്രതികരിച്ചു. ലാ വെറിയറിലെ പ്രധാന റോഡിൽവെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

രണ്ടാം ലോകമഹായുദ്ധകാലത്തേതെന്ന് കരുതപ്പെടുന്ന പഴയ സെമി ഓട്ടോമാറ്റിക് തോക്കാണ് അക്രമി ഉപയോഗിച്ചതെന്നാണ് പ്രാദേശിക മാധ്യമമായ 'ലെ പാരിസിയന്റെ' റിപ്പോർട്ട്. സൈനിക നിലവാരത്തിലുള്ളതോ തുടർച്ചയായി വെടിയുതിർക്കാൻ ശേഷിയുള്ളതോ ആയ കാറ്റഗറി എ ആയുധം കൈവശംവെച്ചതിനും ഭീകരസംഘവുമായി ചേർന്ന് വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതിനും അന്വേഷണം നടക്കുന്നുണ്ട്.

പരിക്കേറ്റ 12 വയസ്സുകാരിയുടെ അമ്മ ഫ്രഞ്ച് മാധ്യമമായ ആർ.ടി.എല്ലിനോട് പറഞ്ഞത്, മകൾക്ക് എട്ട് വെടിയേറ്റ മുറിവുകളുണ്ടെന്നും ശസ്ത്രക്രിയക്ക് വിധേയയാക്കേണ്ടി വന്നെന്നുമാണ്. മകൾ ശിരോവസ്ത്രം ധരിച്ചിരുന്നതായും അതാണോ ആക്രമണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. ഫ്രാൻസിൽ ജനിച്ചുവളർന്ന മകൾക്ക് രാജ്യത്ത് ജീവിക്കാനും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷവും ഭീകരപ്രവർത്തനവുമായുള്ള ബന്ധം പരിശോധിക്കുന്നതിനൊപ്പം ആയുധം എങ്ങനെ ലഭിച്ചുവെന്നും പ്രതിക്ക് മുമ്പ് കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടായിട്ടും സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നും അന്വേഷിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Deadly shooting near Paris is a 'racist terrorist attack', Macron says
Next Story