
കാപിറ്റൽ അക്രമം: ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു, നടുക്കം രേഖപ്പെടുത്തി ബൈഡൻ
text_fieldsവാഷിങ്ടൺ: യുഎസ് പാർലമെന്‍റ് മന്ദിരമായ കാപിറ്റലിന്‍റെ സുരക്ഷാ ബാരിക്കേഡിലേക്ക് അജ്ഞാതൻ കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. വില്യം ഇവാൻ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവം തന്‍റെയും ഭാര്യ ജിൽ ബൈഡന്‍റെയും ഹൃദയം തകർത്തെന്നും കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നതായും ബൈഡൻ പറഞ്ഞു.
സംഭവത്തിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുമുണ്ട്. കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു. സംഭവത്തിന് പിന്നാലെ കാപിറ്റൽ മന്ദിരം പൂർണ്ണമായും അടച്ചിരുന്നു. അക്രമത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദ ആക്രമണമല്ലെന്നാണ് പ്രാഥമിക സൂചന.
ടെലിവിഷൻ ദൃശ്യങ്ങളിൽ കാപിറ്റൽ മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്ക് നീല കാർ ഇടിച്ചുകയറിയ നിലയിലാണുള്ളത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലൻസുകളിലേക്ക് കയറ്റുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ജനുവരി ആറിന് കാപിറ്റൽ മന്ദിരത്തിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനുകൂലികൾ നടത്തിയ കലാപത്തിനു ശേഷം മേഖല അതീവ സുരക്ഷാവലയത്തിലായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
