Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭക്ഷണവും...

ഭക്ഷണവും ഓക്സിജനുമില്ല, മരണത്തെ മുഖാമുഖം കണ്ട് ആറുദിനങ്ങൾ; എവറസ്റ്റിൽനിന്ന് ദാവ ഷെർപ മടങ്ങിയെത്തി

text_fields
bookmark_border
ഭക്ഷണവും ഓക്സിജനുമില്ല, മരണത്തെ മുഖാമുഖം കണ്ട് ആറുദിനങ്ങൾ; എവറസ്റ്റിൽനിന്ന് ദാവ ഷെർപ മടങ്ങിയെത്തി
cancel
camera_alt

താഴ്വരയിൽ തിരിച്ചെത്തിയ ദവ ഷെർപ

കാഠ്മണ്ഡു: തണുത്തുറഞ്ഞ മരണത്തിന്റെ കൊടുമുടിക്ക് മുകളിൽ, ഭക്ഷണവും വെള്ളവുമില്ലാത്ത ആറു ദിനങ്ങൾക്കുശേഷം ദാവ ഷെർപ മടങ്ങിയെത്തി. എവറസ്റ്റ് കൊടുമുടിയിൽ കാണാതായതിനെ തുടർന്ന് കുടുംബം അന്ത്യകർമ്മങ്ങൾക്കുള്ള പ്രാർഥനകളും കർമങ്ങളും തുടങ്ങിവെച്ചിരുന്നു. നേപ്പാളിക്കാരനായ ദാവ ഷെർപ എന്ന 52കാരനാണ് വിധിക്ക് മുന്നിൽ തോറ്റുകൊടുക്കാതെ, മരണ താഴ്വരയിൽ നിന്നും മടങ്ങിയെത്തിയത്.

സാഗർമാഥ പൊലൂഷൻ കൺട്രോൾ കമ്മിറ്റിയിലെ (എസ്.പി.സി.സി) മാലിന്യശേഖരണ തൊഴിലാളികളാണ് എവറസ്റ്റ് ബേസ് ക്യാമ്പിനു സമീപം വെച്ച് അവശനിലയിൽ താഴേക്ക് ഇഴഞ്ഞുനീങ്ങുന്ന നിലയിൽ ദാവയെ കണ്ടെത്തിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദാവയെ കണ്ടെത്താനുള്ള തെരച്ചിൽ സംഘം പോലും പ്രതീക്ഷ കൈവിട്ട അവസ്ഥയിലായിരുന്നു. കൊടുമുടിയിലെ കഠിനമായ കാലാവസ്ഥയിൽ ഒരാഴ്ചയോളം ആരും അതിജീവിക്കില്ലെന്ന് ഉറപ്പിച്ച കുടുംബം, അദ്ദേഹത്തിന്റെ മരണാനന്തരമെന്നോണം പൂജയും പ്രാർഥനകളും ആരംഭിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.

"ഞങ്ങൾക്ക് പൂർണമായും പ്രതീക്ഷ കൈവിട്ടിരുന്നു. ഇന്നലെയാണ് അന്ത്യകർമങ്ങൾ തുടങ്ങിയത്. അതിനിടയിലാണ് അദ്ദേഹം ജീവനോടെയുണ്ട് എന്ന ഫോൺ കോൾ വരുന്നത്. ആദ്യം ഞങ്ങൾക്ക് വിശ്വസിക്കാനായില്ല. പിന്നീട് ഫോട്ടോകൾ കണ്ടപ്പോഴാണ് ആശ്വാസമായത്. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു, സംസാരിക്കുന്നുമുണ്ട്," മകൾ മെൻഡോ ലഹാമു കണ്ണീരോടെ പറഞ്ഞു.

കമ്പ്യൂട്ടർ സംവിധാനങ്ങളോ, കൃത്രിമ ഓക്സിജനോ, ഭക്ഷണവോ പോലുമില്ലാതെയാണ് ദാവ ആറ് ദിവസം എവറസ്റ്റിലെ അതികഠിനമായ 'ഖുംബു ഐസ്ഫാൾ' മേഖലയിൽ കഴിഞ്ഞത്. ഈ സീസണിലെ കയറ്റം അവസാനിച്ച്, അവിടുത്തെ താൽക്കാലിക ഗോവണികൾ വരെ അധികൃതർ നീക്കം ചെയ്ത ശേഷമായിരുന്നു ദാവയുടെ ഈ ഒറ്റയ്ക്കുള്ള അതിജീവനം. 'ഇതൊരു അത്ഭുതമല്ലാതെ മറ്റൊന്നുമല്ല' എന്നാണ് ദാവയെ എവറസ്റ്റിലേക്ക് അയച്ച 'എയ്റ്റ് കെ എക്സ്പെഡിഷൻസ്' ഏജൻസി പറഞ്ഞത്.

അതിജീവനത്തിന്റെ പോരാട്ടം

മേയ് 29ന് വൈകീട്ട് അഞ്ചോടെയാണ് ക്യാമ്പ് ഫോറിൽനിന്നും ദാവയും അദ്ദേഹത്തിന്റെ സഹായിയായിരുന്ന ക്രിസ് ത്രാലും താഴേക്ക് ഇറങ്ങാൻ തുടങ്ങിയത്. കനത്ത ഭാരമുള്ള ബാഗുമായി ദാവ വിശ്രമിക്കാനായി ഒരിടത്തിരുന്നു. "ഞാൻ മുന്നോട്ട് പൊയ്ക്കോളൂ, പുറകെ വരാം" എന്ന് ദാവ പറഞ്ഞതനുസരിച്ച് ക്രിസ് മുന്നോട്ട് നടന്നു. പർവ്വതാരോഹകർക്കിടയിൽ 'ഹിലരി' എന്ന് വിളിപ്പേരുള്ള ദാവയ്ക്ക് ഇതൊരു പുത്തരിയായിരുന്നില്ല.

എന്നാൽ യാത്രയ്ക്കിടയിൽ ഓക്സിജൻ തീർന്ന്, മഞ്ഞുതള്ളിച്ചയേറ്റ് മരണത്തോട് ഗുസ്തി പിടിക്കുന്ന ഒരു പോളിഷ് പർവ്വതാരോഹകനെ ക്രിസിന് വഴിയിൽ വെച്ച് കണ്ടുമുട്ടി. തന്റെ കൂടെയുള്ള ദാവ മുമ്പും ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചിട്ടുള്ളതിനാൽ അദ്ദേഹം സുരക്ഷിതനായിരിക്കുമെന്ന് കരുതിയ ക്രിസ്, മരണാസന്നനായ പോളിഷ് കാരനെ രക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ഓക്സിജൻ സിലിണ്ടർ പങ്കുവെച്ച്, സാധാരണ രണ്ടു മണിക്കൂർ വേണ്ടുന്ന ദൂരം 11 മണിക്കൂർ എടുത്താണ് ക്രിസ് ആ പർവ്വതാരോഹകനെയും കൊണ്ടാണ് ക്യാമ്പ് ത്രീയിൽ എത്തിയത്.

പിന്നീട് ദാവയ്ക്കായി നടത്തിയ തെരച്ചിലുകളെല്ലാം പരാജയപ്പെടുകയായിരുന്നു. എല്ലാവരും ദാവയുടെ മരണം ഉറപ്പിച്ചിരിക്കുമ്പോഴാണ്, എല്ലാ നിഗമനങ്ങളെയും തെറ്റിച്ചുകൊണ്ട് വ്യാഴാഴ്ച രാവിലെ ദാവ ഷെർപയെ കണ്ടെത്തിയത്. കടുത്ത മഞ്ഞുതള്ളിച്ചയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെങ്കിലും ദാവ നിലവിൽ സുരക്ഷിതനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mount EverestEverest without oxygenEverest travelerEverest expeditionNepali sherpaSurvival Life
News Summary - Dawa Sherpa returns from Everest after six days without food or oxygen, facing death
Next Story