'20 മിനിറ്റിനുള്ളിൽ വിമാനം ഇറങ്ങുമെന്ന് സന്ദേശമയച്ചു'; യു.എസ് വിമാനാപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളും
text_fieldsനദിയിൽ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ
അർലിങ്ടൺ (യു.എസ്): വാഷിങ്ടണിന് സമീപം റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിലിറങ്ങവെ യാത്രാവിമാനവും സൈനിക കോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 67 പേരിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളും.
ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ അസ്ര ഹുസൈൻ റാസ അപടത്തിൽ മരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുവതിയുടെ ഭർതൃപിതാവ് വിവരം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യാന സർവകലാശാലയിൽ നിന്ന് 2020ൽ ബിരുദം നേടിയ അസ്ര 2023 ആഗസ്റ്റിലാണ് വിവാഹിതയായത്. ജോലിയുടെ ആവശ്യത്തിനായി യുവതിക്ക് മാസത്തിൽ രണ്ട് തവണ കൻസാസിലെ വിചിതയിൽ പോകേണ്ടതുണ്ടായിരുന്നു.
വിമാനം ഇറങ്ങാൻ പോകുന്നു എന്ന അസ്രയുടെ സന്ദേശം വന്നിരുന്നുവെന്ന് ജീവിതപങ്കാളി ഹമദ് പറയുന്നു. 20 മിനിറ്റിനുള്ളിൽ ഇറങ്ങും എന്നായിരുന്നു സന്ദേശം. കൂട്ടിക്കൊണ്ടുപോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന 64 പേരും കോപ്ടറിലുണ്ടായിരുന്ന മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. യാത്രാ വിമാനത്തിൽ 60 യാത്രക്കാരും നാലു ജീവനക്കാരും ഹെലികോപ്ടറിൽ മൂന്ന് സൈനികരുമാണുണ്ടായിരുന്നത്. ആകാശത്തുവെച്ചുണ്ടായ കൂട്ടിയിടിക്ക് പിന്നാലെ വിമാനവും കോപ്ടറും തൊട്ടടുത്തുള്ള പോടോമാക് നദിയിൽ വീഴുകയായിരുന്നു. കൻസാസിലെ വിചിതയിൽനിന്ന് വരികയായിരുന്നു വിമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

