കേൾക്കുന്നില്ലേ ഗസ്സയിലെ ഗർഭപാത്രങ്ങളിൽ നിന്നുയരുന്ന നിലവിളി?
text_fieldsഗസ്സ സിറ്റി: പിറക്കാനിരിക്കുന്ന കുഞ്ഞിനെയോർത്ത് നീറിക്കഴിയുകയാണ് നിവീൻ അൽ ബാർബറി എന്ന 33 കാരി. ഇസ്രായേൽ ബോംബറുകൾ തീതുപ്പുന്ന ശബ്ദം കേൾക്കുമ്പോൾ അവരുടെ ആശങ്ക ഉയരും. ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങുന്നതിന് മുമ്പ് അൽ ബാർബറി ഹെൽത്ത് ചെക്കപ്പിനായി പതിവായി ആശുപത്രിയിലെത്തിയിരുന്നു. ഗർഭകാല പ്രമേഹവും ഉയർന്ന രക്തസമ്മർദവുമുള്ളതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഗർഭിണികളുടെ കൂട്ടത്തിലാണ് ബാർബറി. എന്നാൽ ഇസ്രായേലിന്റെ ആക്രമണത്തോടെ എല്ലാംമാറി മറിഞ്ഞു. ബന്ധുവിന്റെ വീട്ടിലാണ് അവരിപ്പോൾ കഴിയുന്നത്. ചികിത്സിക്കുന്ന ഡോക്ടറുമായുള്ള ബന്ധവും മുറിഞ്ഞു.
എങ്ങനെ പ്രസവിക്കുമെന്നാണ് ഓരോ ദിവസവും ഞാൻ ആലോചിക്കുന്നത്. ബോംബാക്രമണം നിലക്കുന്നേയില്ല. മനുഷ്യർ മരിച്ചുവീഴുകയാണ്. ആരുടെയൊക്കെ വീടുകൾ തകർന്നുവെന്നോ ആരൊക്കെ മരിച്ചുവെന്നോ ഞങ്ങൾക്കിപ്പോഴും അറിയില്ല. ഞാനും എന്റെ കുഞ്ഞും സുരക്ഷിതരാണെന്ന പ്രതീക്ഷ മാത്രമേയുള്ളൂ. ഈ മാസാവസാനമാണ് അൽ ബാർബറിയുടെ പ്രസവതീയതി.
തകർന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ രക്തത്തിൽ കുളിച്ച കുഞ്ഞുങ്ങളുടെ ഇളംമേനികളും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളെ കാണുമ്പോഴും ഹൃദയം നുറുങ്ങുകയാണ്. ഈ യുദ്ധമൊന്നും അവസാനിച്ചു കിട്ടണേ എന്നാണ് ഓരോ നിമിഷവുംപ്രാർഥിക്കുന്നത്. എങ്കിൽ മാത്രമേ ഇസ്രായേലിന്റെ കരുണയില്ലാത്ത മിസൈൽ വർഷത്തിൽ നിന്ന് എന്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ.- ബാർബറി പറയുന്നു.
ഗസ്സയിൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന നിരവധി ഗർഭിണികളുണ്ട്. അവശ്യമായ ഭക്ഷണമോ വെള്ളമോ മരുന്നോ സുരക്ഷിതമായി പ്രസവിക്കാനോ ഉള്ള സൗകര്യം പോലുമില്ലാത്ത ദാരുണാവസ്ഥയിലാണ് ഇപ്പോൾ ഗസ്സയിലെ ഗർഭിണികളെന്ന് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നു. മതിയായ ചികിത്സ ലഭിക്കാതെ കഴിയുന്ന 50,000 ഗർഭിണികളുണ്ടെന്നാണ് യുനൈറ്റഡ് നാഷൻസ് പോപുലേഷൻ ഫണ്ട് പുറത്തുവിട്ട കണക്ക്. ഇവരിൽ പലരുടെയും റെഗുലർ ചെക്ക്അപ്പുകൾ മുടങ്ങി. കാരണം ഗസ്സയിലെ ആശുപത്രികൾ ഇസ്രോയലിന്റെ ബോംബേറിൽ തകർന്നു.
മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സൗദ അഷ്റഫ്. ആറു മാസം ഗർഭിണിയാണവർ. ഇപ്പോൾ ഖാൻ യൂനിസ് സിറ്റിയിലെ യു.എൻ സ്കൂളിൽ അഭയാർഥിയായി കഴിയുകയാണവർ. ഭയവും ഉറക്കമില്ലായ്മയും എന്നെ തളർത്തിയിരിക്കുന്നു. രണ്ടു മക്കളുടെ സംരക്ഷണ ചുമതലകൂടിയുണ്ട്. ഈ അഭയാർഥി കേന്ദ്രത്തിൽ ശുദ്ധജലം പോലുമില്ല ഞങ്ങൾക്ക്. ഉപ്പുവെള്ളമാണ് ഞങ്ങൾ കുടിക്കുന്നു. ഒന്നു നേരെ നിൽക്കാൻ പോലും കഴിയുന്നില്ല. അതിനൊപ്പം ഗർഭത്തിന്റെ ക്ഷീണം കൂടിയാവുമ്പോൾ പറയേണ്ടതില്ല.-സൗദ പറയുന്നു.
ഈ ദുരിതത്തിനിടയിലും പിറക്കാനിരിക്കുന്ന കുഞ്ഞിന് ഒരു പ്രശ്നവുമുണ്ടാകരുതേ എന്നതാണ് ഈ 29കാരിയുടെ പ്രാർഥന. മതിയായ പോഷകാഹാരം ലഭിക്കാത്തതിനാൽ സൗദക്ക് എപ്പോഴും ക്ഷീണമാണ്. അഭയം തേടിയിരിക്കുന്ന സ്കൂൾ ജനനിബിഡമാണ്. ഇവിടെ വലിയ ബഹളമായതിനാൽ 30 മിനിറ്റ് പോലും ഒന്നു ശാന്തമായി കണ്ണടച്ച് ഉറങ്ങാൻ അവർക്ക് കഴിയുന്നില്ല. മൂന്നു ഗർഭിണികൾ കൂടിയുണ്ട് ഇവിടെ. അവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ടുദിവസം മുമ്പ് അവരിലൊരാളുടെ ബോധം നഷ്ടമായി.
ഗർഭിണികളിൽ ചിലർ ഐ.വി.എഫ് വഴിയാണ് ഗർഭിണികളായത്. അവരിലൊരാളാണ് മൂന്നുമാസം ഗർഭിണിയായ ലൈല ബറാക എന്ന 30 കാരി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അവർക്ക് രണ്ടാമതൊരു കുഞ്ഞ് പിറക്കാൻ പോകുന്നത്. ''ബോംബുകളുടെ ഇരമ്പം കേൾക്കുമ്പോൾ ഹൃദയം തകരും. രാത്രികളിൽ അതിന്റെ തീവ്രത കൂടുതലാണ്. ഭീതിദമായ അന്തരീക്ഷമാണത്. അഞ്ചുവയസുള്ള മകനെയും കെട്ടിപ്പിടിച്ച് ഞാൻ ആശ്വസിക്കാൻ വെറുതെ ശ്രമം നടത്തും. എന്നാൽ ഒരിക്കലും കഴിയില്ല.''-ലൈല വിവരിക്കുന്നു. ഖാൻ യൂനിസിലെ നഗരമായ ബനി സുഹൈലയിൽ നിന്നാണ് ബറാക്ക വരുന്നത്. ഇവർക്ക് ഡോക്ടർമാരുടെ സേവനവും അപ്രാപ്യമാണ്.
അരികിൽ ഏതുനേരവും ഉമ്മയുണ്ടെന്ന ഏക ആശ്വാസമാണ് ലൈലക്ക്. എന്നാൽ ചലനമറ്റു കിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ ആ ആശ്വാസത്തിന് ക്ഷണനേരമേ ആയുസുള്ളൂ. എപ്പോൾ വേണമെങ്കിൽ ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലാണ് ഗസ്സ വാസികൾ. ഒക്ടോബർ ഏഴിനു തുടങ്ങിയ ഇസ്രായേലിന്റെ നരനായാട്ടിൽ 6500 ഫലസ്തീനികളുടെ ജീവനാണ് നഷ്ടമായത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.
അഞ്ചുവർഷത്തെ ഐ.വി.എഫ് ചികിത്സക്കു ശേഷം ജനിച്ച പേരക്കുട്ടി ഇസ്രായേൽ വ്യോമാക്രമണത്തിൽ മരിച്ചുകിടക്കുന്നത് കണ്ണീരടങ്ങാതെ നോക്കിനിൽക്കുന്ന ഡോക്ടറുടെ ഒരു ചിത്രമുണ്ട്. അത് കണ്ടപ്പോൾ വിതുമ്പിക്കരയുകയായിരുന്നു ലൈല ബറാക്ക.
ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് നിങ്ങൾ ചിന്തിക്കാറുണ്ടോ? ഞങ്ങൾ അമ്മമാർ അനുഭവിക്കുന്ന മാനസിക സങ്കർഷം നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ? എന്നാണ് ലൈല ചോദിക്കുന്നത്.
ഗസ്സയിൽ തകർന്ന് ദുർഘടമായ റോഡിലൂടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഗർഭിണികളുടെ ആരോഗ്യാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പ്രസവശേഷമുണ്ടായ രക്തസ്രാവം നിലക്കാത്തത് മൂലം കഷ്ടപ്പെട്ട യുവതിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിച്ചത്. ഗസ്സയിലെ ആശുപത്രികളെ ഇസ്രായേൽ അനുദിനം തകർക്കുകയാണ്. ഫലസ്ത്രീൻ ഫാമിലി പ്ലാനിങ് ആൻഡ് പ്രൊട്ടക്ഷൻ അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം വൈദ്യുതിയും ചികിത്സ സംവിധാനവുമില്ലാതെ 37000 സ്ത്രീകൾ പ്രസവം കാത്തുകഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

