മയോട്ട് ദ്വീപിൽ ദുരന്തം വിതച്ച് ചിഡോ ചുഴലിക്കാറ്റ്; നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
text_fieldsമയോട്ട്: ഫ്രാൻസിന്‍റെ അധീനതയലുള്ള മയോട്ട് ദ്വീപിൽ ചിഡോ ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ. മരണ സംഖ്യ ഉയരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.
ചിഡോ ചുഴലിക്കാറ്റ് ഇതിനകം ദ്വീപ് സമൂഹത്തിൽ വൻനാശം വിതച്ചുകഴിഞ്ഞു. നിരവധി വീടുകളും ആശുപത്രികളും സ്കൂളുകളും തകർന്നു. മരങ്ങൾ കടപുഴകി. നിലവിൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ വെല്ലുവിളി നേരിടുന്ന ദ്വീപിനെ ചുഴലിക്കാറ്റ് കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
മൊസാംബിക്കിൻ്റെയും മഡഗാസ്‌കറിൻ്റെയും തീരങ്ങൾക്കിടയിലുള്ള ഈ ദ്വീപിലേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് ഫ്രാൻസ് അറിയിച്ചു. വിമാനത്താവളം ഉൾപ്പെടെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസം രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്.
മണിക്കൂറിൽ 226 കിലോമീറ്റർ (140 മൈൽ) വേഗതയിലാണ് കാറ്റ് വീശുന്നത്. മയോട്ടിലെ 320,000 നിവാസികൾക്കായി ലോക്ഡൗൺ ഉത്തരവിട്ടിരുന്നു. ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ ഇന്ന് മയോട്ടിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു, സൈനികരും അഗ്നിശമന സേനാംഗങ്ങളും ദ്വീപിൽ രക്ഷാപ്രവർത്തനത്തിനായി എത്തും.
പാരീസിൽ നിന്ന് ഏകദേശം 8,000 കിലോമീറ്റർ (4,970 മൈൽ) അകലെ സ്ഥിതി ചെയ്യുന്ന മയോട്ടെ ദ്വീപസമൂഹം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രമാണ്. പുതിയ സാഹചര്യത്തിൽ, യൂറോപ്യൻ യൂണിയൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഫ്രാൻസിന് പിന്തുണ പ്രഖ്യാപിച്ചു. മയോട്ടിലെ ചിഡോ ചുഴലിക്കാറ്റ് ദുരന്തം വിതച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ ഫ്രാൻസിനൊപ്പം നിൽക്കുന്നു. ഈ ഭയാനകമായ പരീക്ഷണത്തിൽ യൂറോപ്പ് മയോട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും എക്സിൽ എഴുതിയ കുറിപ്പിൽ ഉർസുല വോൺ ഡെർ ലെയ്ൻ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

