യൂറോപ്പിൽ സൂപ്പർമാർക്കറ്റുകളിലെ ഫ്രീസറുകളിൽ സൈബർ ആക്രമണം
text_fieldsപ്രതീകാത്മക ചിത്രം
സ്റ്റോക്ക്ഹോം: സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, എസ്റ്റോണിയ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ സൂപ്പർമാർക്കറ്റുകളിലെ ഫ്രീസറുകളെയും റഫ്രിജറേറ്ററുകളെയും ലക്ഷ്യമിട്ട് സൈബർ ആക്രമണം. ഇന്റർനെറ്റുമായി ബന്ധിപ്പിച്ച സ്മാർട്ട് റഫ്രിജറേഷൻ സംവിധാനങ്ങളുടെ നിയന്ത്രണം ഹാക്കർമാർ റിമോട്ടായി കൈക്കലാക്കുകയായിരുന്നു. തുടർന്ന് താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർത്തി. ഇതോടെ തണുപ്പിൽ സൂക്ഷിക്കേണ്ട സാധനങ്ങൾ കേടുവന്നു.
രാവിലെ കടകൾ തുറക്കാനെത്തിയ ജീവനക്കാർ ഫ്രീസറുകളിൽ നിന്ന് ചൂടുവായു പുറത്തേക്ക് വരുന്നത് കണ്ടാണ് വിവരമറിഞ്ഞത്. ചിലയിടങ്ങളിൽ കടുത്ത ചൂട് കാരണം ഫ്രീസറുകൾ ഉരുകുകയും ചെറിയ തോതിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ മാസം ഫ്രാൻസിലുടനീളമുള്ള നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലും സ്വതന്ത്ര കടകളിലും ഹാക്കിങ്ങിലൂടെ റഫ്രിജറേഷൻ സംവിധാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് താപനില ഉയർത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ സാധനങ്ങൾ പെട്ടെന്ന് മാറ്റിയതിനാൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ല. ഫ്രാൻസിലെ സംഭവത്തിന് ശേഷം പൊതുവിൽ ജാഗ്രതയിലായിരുന്നു. എത്ര സ്ഥാപനങ്ങളെ ബാധിച്ചുവെന്നോ എത്രത്തോളം നഷ്ടമുണ്ടായെന്നോ വ്യക്തമായ കണക്ക് ലഭ്യമല്ല. ബെൽജിയത്തിലെ തങ്ങളുടെ 700ലധികം ഔട്ട്ലറ്റുകളിൽ 15 എണ്ണത്തിനെയേ ബാധിച്ചുള്ളൂവെന്ന് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ കാരിഫോർ അധികൃതർ വ്യക്തമാക്കി.

