സ്ത്രീകളെ അടിമകളാക്കി 30 വർഷം പീഡിപ്പിച്ച മലയാളി 'കോമ്രേഡ് ബാല' ബ്രിട്ടനിലെ ജയിലിൽ മരിച്ചു
text_fieldsഅരവിന്ദൻ ബാലകൃഷ്ണൻ
സ്ത്രീകളെ അടിമകളാക്കി 30 വർഷം പീഡിപ്പിച്ച മലയാളി 'കോമ്രേഡ് ബാല' ജയിലിൽ മരിച്ചു. അരവിന്ദൻ ബാലകൃഷ്ണൻ (81) എന്ന കോംറേഡ് ബാലയാണ് ലണ്ടനിലെ ജയിലിൽ മരിച്ചത്. തനിക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ചാണ് സൗത് ലണ്ടനിലെ വീട്ടിൽ സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂര ആക്രമണങ്ങൾക്ക് ഇരകളാക്കുകയും ചെയ്തത്.
സൗത് ലണ്ടനിലെ എൻഫീൽഡ് നഗരത്തിലായിരുന്നു താമസം. സ്ത്രീകളെ തടവിലാക്കാനായി വീടിനോട് ചേർന്ന് പ്രത്യേക കേന്ദ്രവും ഒരുക്കിയിരുന്നു. കൂടാതെ, ജാക്കി എന്നു പേരുള്ള മനുഷ്യനിർമിത റോബോട്ടിനെ ഉപയോഗിച്ച് തടവിലുള്ള സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്തു.
ജാക്കിക്ക് മനുഷ്യരുടെ മനസ്സ് വായിക്കാനാകുമെന്ന് പറഞ്ഞാണ് സ്ത്രീകളെ അടിമകളാക്കിയത്. 2016ലാണ് സ്ത്രീകളെ അടിമകളാക്കി താമസിപ്പിച്ചിരുന്ന കേന്ദ്രത്തെ കുറിച്ചും ഇദ്ദേഹത്തിന്‍റെ ക്രൂരകൃത്യങ്ങളെ കുറിച്ചും പുറംലോകം അറിയുന്നത്. 1970 മുതൽ ഈ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
അരവിന്ദൻ ബാലകൃഷ്ണനും പീഡനത്തിനിരയായ സ്ത്രീകളും
സൗത് വാർക്ക് ക്രൗൺ കോടതിയിലെ വിചാരണക്കിടെ, രണ്ടു അനുയായികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ബാല പീഡനം, അന്യായമായി തടവിൽ പാർപ്പിക്കൽ, മർദനം ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ തെളിഞ്ഞു. പിന്നാലെ ഇദ്ദേഹത്തെ 23 വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. പ്രിൻസ്ടൗണിലെ എച്ച്.എം ഡർറ്റ്മൂർ ജയിലിൽ ശിക്ഷ അനുവഭിക്കുന്നതിനിടെയാണ് മരണം.
കേരളത്തിൽ ജനിച്ച ബാല, പിതാവിനോടൊപ്പം സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു. അവിടെ ബിരുദ പഠനം പൂർത്തിയാക്കി. പിന്നാലെ 1963ൽ ബ്രിട്ടനിലേക്ക് കുടിയേറി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് മറ്റൊരു ബിരുദവും കരസ്ഥമാക്കി.
പിന്നാലെ യു.കെയിലെ രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടാൻ തുടങ്ങി. ഒരു 'വിപ്ലവ സോഷ്യലിസ്റ്റ്' എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. പൊതുവേദികളിൽ സംസാരിക്കാനും സഹ വിദ്യാർഥികളെ തന്‍റെ ആശയങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രത്യേകിച്ചും മലേഷ്യൻ നഴ്‌സുമാരെ തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി അദ്ദേഹം ഉപയോഗപ്പെടുത്തി.
അരവിന്ദൻ ബാലകൃഷ്ണയുടെ ലണ്ടനിലെ വീട്
1970ൽ ലണ്ടനിൽ ഫാഷിസ്റ്റ് സർക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ 'വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസം-ലെനിനിസം-മാവോ സേതുങ് തോട്ട്' എന്ന പേരിൽ കേന്ദ്രം തുടങ്ങി. അദ്ദേഹത്തെ കോമ്രേഡ് ബാല എന്ന വിളിക്കാൻ അനുയായികളെ നിർബന്ധിക്കുകയും ചെയ്തു. 'തൊഴിലാളി വർഗത്തിന്റെ അന്താരാഷ്ട്ര സ്വേച്ഛാധിപത്യം' സ്ഥാപിക്കാൻ തനിക്കും ചൈനീസ് സ്വേച്ഛാധിപതി മാവോ സേതുങ്ങിനും മാത്രമേ അധികാരമുള്ളൂ എന്നായിരുന്നു സംഘത്തിന്റെ വിശ്വാസം.
കാലക്രമേണ, അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ കൂടുതൽ തീവ്രമാകുകയും അനുയായികളെ പലവിധ പീഡനങ്ങൾക്ക് വിധേയമാക്കാനും തുടങ്ങി. തടവിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹത്തിന്‍റെ മകൾ കാറ്റ് മോർഗനും പിതാവിന്‍റെ ക്രൂരത ലോകത്തോട് വെളിപ്പെടുത്തിയിരുന്നു.
അരവിന്ദൻ ബാലകൃഷ്ണയുടെ പഴയ കാല ചിത്രം
ചിറകുകൾ മുറിച്ച ഒരു കൂട്ടിലടച്ച പക്ഷിയെപ്പോലെയായിരുന്നു തന്‍റെ ജീവിതമെന്ന് മോർഗൻ അന്ന് പറഞ്ഞിരുന്നു. 2013ലാണ് പിതാവിന്‍റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുന്നത്. ന്യൂസ് ചാനലിലൂടെ കിട്ടിയ ഒരു സന്നദ്ധ സംഘടനയുടെ നമ്പറിൽ വിളിച്ച്, അവരുടെ സഹായത്തോടെയാണ് രക്ഷപ്പെടുന്നത്. ഒരു മനോരോഗിയും നാർസിസ്റ്റുമായാണ് മകൾ പിതാവിനെ വിശേഷിപ്പിക്കുന്നത്. പതിവായി മർദിക്കുന്ന പിതാവ്, നഴ്‌സറി ഗാനങ്ങൾ ആലപിക്കുന്നതിനോ, സ്കൂളിൽ പോകുന്നതിനോ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനോ വിലക്കിയിരുന്നു.
പിതാവിന്റെ അനുയായി സിയാൻ ഡേവിസ് എന്നറിയപ്പെടുന്ന സഖാവ് സിയാൻ അവളുടെ അമ്മയാണെന്ന കാര്യ പോലും കൗമാരപ്രായത്തിലാണ് മോർഗൻ തിരിച്ചറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

