Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ ഉപരോധത്തിൽ...

അമേരിക്കൻ ഉപരോധത്തിൽ ശ്വാസംമുട്ടി ക്യൂബ; ദുരിതക്കടലിലും വഴങ്ങാതെ 'പ്രതിരോധ'ത്തിന്റെ ദ്വീപ്

text_fields
bookmark_border
അമേരിക്കൻ ഉപരോധത്തിൽ ശ്വാസംമുട്ടി ക്യൂബ; ദുരിതക്കടലിലും വഴങ്ങാതെ പ്രതിരോധത്തിന്റെ ദ്വീപ്
cancel

ഹവാന: 'അതിജീവനം' എന്നത് വെറുമൊരു വാക്കല്ല, ക്യൂബക്കാർക്ക് അത് ജീവിതം തന്നെയാണ്. ഹവാനയിലെ പഴയ തെരുവുകളിലൊന്നിൽ താമസിക്കുന്ന 64കാരിയായ ഫെലീഷ്യ ഡി ലാ കാരിദാദ് അൽവാരസിന് അതിജീവനത്തിന്റെ വഴികൾ നന്നായറിയാം. ഒരു കണ്ണിന് കാഴ്ചയില്ലാത്ത, പ്രമേഹവും രക്തസമ്മർദ്ദവുമുള്ള ഫെലീഷ്യയുടെ വീട്ടിൽ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കുടിവെള്ളമോ വൈദ്യുതിയോ ഇല്ല. ഫ്രിഡ്ജിലിരുന്ന ഭക്ഷണസാധനങ്ങൾ ചീഞ്ഞുപോയി. വാർത്തകളറിയാനുള്ള ടെലിവിഷൻ പോലും കേടായതോടെ, തങ്ങളെ ഈ ദുരവസ്ഥയിലാക്കിയ യഥാർഥ പ്രതിയാരെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് അവർ. ഫെലീഷ്യയുടേത് ഒറ്റപ്പെട്ട കഥയല്ല, കടുത്ത അമേരിക്കൻ ഉപരോധത്തിൽ ശ്വാസംമുട്ടുന്ന ലക്ഷക്കണക്കിന് ക്യൂബക്കാരുടെ ഇന്നത്തെ നേർചിത്രമാണിത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങളും ഇന്ധന ഉപരോധവുമാണ് ക്യൂബൻ സമ്പദ്‌വ്യവസ്ഥയെ പൂർണമായി തകർത്തത്. എന്നാൽ, ജനുവരി ആദ്യം ട്രംപ് പ്രവചിച്ചതുപോലെ ക്യൂബ 'തകർന്നടിയാൻ' ഇനിയും തയ്യാറായിട്ടില്ല. വൈദ്യുതി റേഷൻ ഏർപ്പെടുത്തിയും, തകർന്ന ആരോഗ്യമേഖലയെ താങ്ങിനിർത്തിയും, വരുമാനമാർഗ്ഗമായ ടൂറിസം മേഖലയുടെ തകർച്ചയെ അതിജീവിച്ചും ജനങ്ങൾ പോരാട്ടം തുടരുകയാണ്. ഭരണകൂടം ജനങ്ങളുടെ കവലാളായി ക്യൂബയിൽ ശക്തമായി ഇപ്പോഴുമുണ്ട്.

ഏതാണ്ട് ഏഴ് പതിറ്റാണ്ട് പഴക്കമുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ പ്രധാന തത്വം തന്നെ 'പ്രതിരോധിക്കുക' എന്നതാണെന്ന് ക്യൂബൻ ജനതയെ ഭരണകൂടം പഠിപ്പിച്ചിട്ടുണ്ട്. 'ജീവിക്കാൻ വേണ്ടി എനിക്ക് പോരാടിയേ തീരൂ, മറ്റെന്താണ് വഴി?' ഫെലീഷ്യ ചോദിക്കുന്നു. കിലോമീറ്ററുകൾ അകലെ നിന്ന് പാത്രങ്ങളിൽ വെള്ളം ചുമന്നുകൊണ്ടുവന്നും, അടുത്തുള്ള പള്ളിയിലെ സൗജന്യ അടുക്കളയിൽ നിന്ന് ഭക്ഷണം കണ്ടെത്തിയുമാണ് അവർ ജീവൻ നിലനിർത്തുന്നത്.

അതേ സമയം, ഭരണകൂടത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങാൻ ക്യൂബക്കാർക്ക് ഭയമാണ്. പ്രതിഷേധിച്ചാൽ തങ്ങളുടെ കുട്ടികൾക്കെതിരെ അധികാരികൾ പ്രതികാരം ചെയ്യുമെന്ന ഭയം ജനങ്ങൾക്കുണ്ട്. പ്രതിഷേധങ്ങൾ അമേരിക്കൻ സ്പോൺസേഡ് ആണെന്നാണ് ക്യൂബൻ സർക്കാരിന്റെ വാദം. എങ്കിലും, പ്രതിസന്ധികളെ മറികടക്കാൻ ക്യൂബൻ ജനത തനതായ ചില വഴികൾ കണ്ടെത്തുന്നുണ്ട്. കരിഞ്ചന്തയിൽ നിന്ന് ഡീസൽ സംഘടിപ്പിച്ചും, ട്രാക്ടറുകൾക്ക് പകരം കാളകളെ ഉപയോഗിച്ചും കർഷകർ വിപണിയിൽ ഉൽപന്നങ്ങളെത്തിക്കുന്നു. പെട്രോൾ ഓട്ടോകൾക്ക് പകരം ഇലക്ട്രിക് ത്രീ-വീലറുകൾ തെരുവുകൾ കീഴടക്കിക്കഴിഞ്ഞു. സോളാർ പാനലുകളും പവർ ബാങ്കുകളുമാണ് ഇപ്പോൾ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വെളിച്ചം നൽകുന്നത്.

ക്യൂബൻ രാഷ്ട്രീയത്തെക്കുറിച്ച് 30 വർഷമായി ഗവേഷണം നടത്തുന്ന ജർമ്മൻ പ്രൊഫസർ ബെർട്ട് ഹോഫ്മാൻ പറയുന്നത്, 'ക്യൂബയിലെ ജീവിതസാഹചര്യങ്ങൾ വളരെ മോശമായിട്ടുണ്ട്. ക്യൂബൻ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് പരാജയങ്ങൾ ഉണ്ടെങ്കിൽ പോലും, അഞ്ച് മാസത്തോളം ഇന്ധന വിതരണം പൂർണ്ണമായി തടഞ്ഞാൽ സ്വിറ്റ്‌സർലൻഡ് പോലും അടിയന്തരാവസ്ഥയിലായേനെ' എന്നാണ്. എന്നിട്ടും ക്യൂബ പിടിച്ച് നിൽക്കുന്നുണ്ട്.

ക്യൂബയുടെ പ്രധാന സഖ്യകക്ഷിയായ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെയാണ് ക്യൂബ തകരുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. തുടർന്ന് എണ്ണ വിതരണം തടയുകയും, പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് വിലക്കുകയും, വിനോദസഞ്ചാരികളെ തടയുകയും ചെയ്തുകൊണ്ട് ട്രംപ് ഉപരോധം കർശനമാക്കി.

1990-കളിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ച മുതിർന്നവർക്ക് പ്രത്യാശ ഉണ്ടെങ്കിലും യുവാക്കൾക്കിടയിൽ നിരാശ പുകയുകയാണ്. മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ ഡോക്ടർമാർ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുകയാണ്. കറൻസിയുടെ മൂല്യം ഇടിഞ്ഞതോടെ പട്ടിണി രൂക്ഷമായി. തലസ്ഥാനമായ ഹവാനയിൽ പോലും ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. സ്കൂളുകളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കി. തെരുവുകളിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. പൊതുശൗചാലയങ്ങൾ പോലും പ്രവർത്തിക്കുന്നില്ല.

അമേരിക്കയുടെ ഈ ഇന്ധന ഉപരോധം 'നിയമവിരുദ്ധവും' മനുഷ്യാവകാശ ലംഘനവുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു രാജ്യത്തെ പട്ടിണിക്കിട്ട് വീഴ്ത്താൻ ഊർജ്ജ വിതരണം തടയുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് യു.എൻ വ്യക്തമാക്കുന്നു.

വൈദ്യുതി മുടക്കം 18 മണിക്കൂർ വരെ നീണ്ടതോടെ ഹവാനയിലെ തെരുവുകളിൽ ജനങ്ങൾ പാത്രങ്ങൾ കൊട്ടി പ്രതിഷേധിക്കാൻ തുടങ്ങി. 'ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, ഭക്ഷണം ചീഞ്ഞുപോകാതിരിക്കാൻ ഞങ്ങൾക്ക് ദിവസം മൂന്ന് മണിക്കൂറെങ്കിലും കറന്റ് വേണം' ഹവാന സ്വദേശിയായ റോഡോൾഫോ അലോൺസോ പറയുന്നു.

പ്രതിഷേധം ശക്തമാകുമ്പോൾ ചില പ്രദേശങ്ങളിൽ താൽക്കാലികമായി സർക്കാർ വൈദ്യുതി നൽകാറുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. ക്യൂബൻ സമൂഹം പ്രതിരോധശേഷിയുള്ളതാണ്, കാരണം അവർക്ക് മറ്റ് വഴികളില്ല. പക്ഷേ, ഇന്ധനമില്ലാതെ ഒരു രാജ്യത്തിന് എത്രകാലം മുന്നോട്ട് പോകാനാകുമെന്ന ചോദ്യമാണ് ക്യൂബൻ സോഷ്യോളജിസ്റ്റ് ലൂയിസ് എമിലിയോ ചോദിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cuba and UScuban leadercuba starvationtrumbresistanceEmbargoCuba Blackout
News Summary - Cuba suffocates under US embargo; an island of 'resistance' that does not give in even in a sea of ​​distress
Next Story