കൊളംബോ: വിജയിയെയും റണ്ണർ അപ്പിനെയും പ്രഖ്യാപിച്ച് അത്യാഘോഷപൂർവം കിരീടധാരണം നടത്തുക. എല്ലാം പൂർത്തിയായി മിനിറ്റുകൾക്കിടെ സ്റ്റേജിൽ നിർത്തി ബലമായി അഴിച്ചെടുത്ത് മറ്റൊരാളെ അണിയിച്ച് വിജയിയായി പ്രഖ്യാപിക്കുക. സ്റ്റേജിലെ 'അടി'യും കണ്ണീരും ലൈവായി രാജ്യം മുഴുക്കെ അമ്പരപ്പോടെ നോക്കിയിരിക്കുക. ടെലിവിഷൻ സീരിയലിലോ മറ്റോ പ്രതീക്ഷിക്കാവുന്ന കലാപരിപാടിയെന്ന് ഇതിനെ തെറ്റിദ്ധരിക്കരുത്. ശ്രീലങ്കയിൽ നടന്ന ദേശീയ മിസ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിജയിയെയും റണ്ണർ അപ്പിനെയും കണ്ടെത്തി കിരീടമണിയിച്ച് പരസ്പരം സന്തോഷം പങ്കിടലെല്ലാം കഴിഞ്ഞ ശേഷമായിരുന്നു 2019ലെ ജേതാവും നിലവിലെ മിസ് വേൾഡുമായ കരോലൈൻ ജൂറി വേദിയിലെത്തി വിവാദത്തിന് തുടക്കമിട്ടത്.
നിയമപ്രകാരം വിവാഹമോചിതകൾക്ക് കിരീടം പാടില്ലെന്നതിനാൽ പുഷ്പിക ഡി സിൽവയിൽനിന്ന് ഏറ്റെടുത്ത് റണ്ണർ അപ്പിന് കൈമാറണമെന്നായിരുന്നു പ്രഖ്യാപനം. വാക്കുകളിലൊതുക്കാതെ മൈക്ക് മാറ്റി നേരെ വിജയിക്ക് മുന്നിലെത്തി അവരുടെ കിരീടം അഴിച്ചെടുക്കാനും തുടങ്ങി. ഹെയർപിൻ ഊരി കിരീടം അഴിച്ചെടുത്ത് റണ്ണർ അപ്പിന്‍റെ തലയിൽ വെച്ചാണ് കരോലൈൻ ജൂറി വേദി വിട്ടത്. ഈ സമയമത്രയും പശ്ചാത്തല സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു.
എന്നാൽ, താൻ വിവാഹമോചിതയല്ലെന്നും വേർപിരിഞ്ഞുജീവിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പുഷ്പിക പിന്നീട് ഫേസ്ബുക്കിൽ വിശദീകരിച്ചു. അത് അനുവദിച്ചില്ലായിരുന്നുവെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതായിരുന്നുവെന്നും ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ വാർത്താസമ്മേളനം വിളിച്ച് പുഷ്പികക്കു തന്നെ കിരീടം തിരികെ ഏൽപിച്ച് സംഘാടകർ തടിയൂരി. അവർ മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.
മിസ് ശ്രീലങ്ക വിജയിയാണ് മിസ് വേൾഡ് മത്സരത്തിൽ ശ്രീലങ്കയെ പ്രതിനിധാനം ചെയ്യുക. 2020ൽ ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ മിസ് വേൾഡായിരുന്നു വിവാദ നായികയായ ജൂറി.