‘എല്ലാ ചുവപ്പുരേഖകളും മറികടന്നിരിക്കുന്നു’: ഇസ്രായേൽ മന്ത്രിയുടെ അൽ അഖ്സ മസ്ജിദ് സന്ദർശനത്തിൽ ആളിക്കത്തി രോഷം
text_fieldsഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അൽ അഖ്സ മസ്ജിദ് വളപ്പിലെ ഡോം ഓഫ് ദി റോക്കിന് പുറത്ത് സംസാരിക്കുന്നു.
ജറുസലേം: ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ അൽ അഖ്സ മസ്ജിദ് സന്ദർശനത്തിനും അവിടെ നടത്തിയ പ്രാർഥനക്കുമെതിരെ രോഷം ആളിക്കത്തുന്നു. ജോർദാനും തുർക്കിയും അടക്കമുള്ള രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു.
ഞായറാഴ്ച അധിനിവേശ കിഴക്കൻ ജറൂസലേമിലെ മസ്ജിദിൽ എത്തിയ ബെൻ ഗ്വിർ, ഒരു കൂട്ടം ജൂത വിശ്വാസികളുടെ നേതൃത്വത്തിൽ പ്രാർഥന നടത്തി. പൂർവേഷ്യയിലെ ഏറ്റവും സെൻസിറ്റീവ് ആയ സ്ഥലങ്ങളിലൊന്നായ അൽ അഖ്സയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ക്രമീകരണം ലംഘിച്ചതാണ് കടുത്ത രോഷത്തിലേക്ക് നയിച്ചത്.
അൽ അഖ്‌സ കോമ്പൗണ്ടിൽ നിന്നുള്ള ഫോട്ടോകളും വിഡിയോകളും ബെൻ ഗ്വിർ അവിടെ ജൂത പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നതായി കാണിക്കുന്നു. ഇവിടെ ജൂതന്മാർക്ക് സന്ദർശിക്കാൻ അനുവാദമുണ്ടെങ്കിലും അവിടെ പ്രാർഥിക്കാൻ അനുമതിയില്ല. നിലവിലെ കരാർ പ്രകാരം മുസ്‍ലിം ആരാധനക്കു മാത്രമാണ് അനുമതി. ബെൻ ഗ്വിറിന്റെ ഏറ്റവും പുതിയ സന്ദർശനത്തെ ‘അസ്വീകാര്യമായ പ്രകോപനം’ എന്നാണ് സ്ഥലത്തിന്റെ സൂക്ഷിപ്പിനു ചുമതലയുള്ള രാജ്യമായ ജോർദാൻ വിശേഷിപ്പിച്ചത്.
പ്രാർഥനകൾക്ക് നേതൃത്വം നൽകിയ ശേഷം, ബെൻ ഗ്വിർ ഇസ്രായേലിനോട് ഗസ്സ ‘കീഴടക്കാനും’ ഫലസ്തീനികളെ എൻക്ലേവ് വിട്ടുപോകാൻ ‘പ്രോത്സാഹിപ്പിക്കാനും’ ആഹ്വാനം ചെയ്തു. ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസിനുമേലുള്ള ഇസ്രായേലിന്റെ വിജയത്തിനും അവിടെ തടവിലാക്കിയ ബന്ദികളുടെ തിരിച്ചുവരവിനും വേണ്ടി പ്രാർഥിക്കുന്നതായും മുഴുവൻ എൻക്ലേവും ഇസ്രായേൽ കീഴടക്കണമെന്നും ബെൻ ഗ്വിർ ആവർത്തിച്ചു.
തൊട്ടുപിന്നാലെ പലരും സംഭവത്തെ പ്രകോപനപരമെന്നും പഴയ കരാർ ലംഘിച്ചുവെന്നും ഇതിനെ വിമർശിച്ചു. ബെൻ ഗ്വിറിന്റെ സന്ദർശനത്തെ ഫലസ്തീൻ ജനതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ആഴംകൂട്ടലെന്ന് ഹമാസ് വിശേഷിപ്പിച്ചു. ഈ സന്ദർശനം ‘എല്ലാ ചുവന്ന വരകളും ലംഘിച്ചു’ എന്ന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എസ് ഭരണകൂടം അൽ അഖ്‌സ മസ്ജിദിലെ കയ്യേറ്റക്കാരുടെ കുറ്റകൃത്യങ്ങളും തീവ്ര വലതുപക്ഷ സർക്കാറിന്റെ പ്രകോപനങ്ങളും ഗസ്സ മുനമ്പിലെ യുദ്ധവും അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായം എത്തിക്കുന്നതിനും ഉടനടി ഇടപെടണമെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
മുസ്‍ലിംകളുടെ പുണ്യസ്ഥലത്തിന്റെ ഭരണ നിയന്ത്രണമുള്ള ജോർദാനിൽ നിന്നുള്ള ഉദ്യോഗസ്ഥരും ബെൻ ഗ്വിറിന്റെ നടപടികളെ അപലപിച്ചു. ജോർദാൻ വിദേശകാര്യ മന്ത്രാലയം ഈ സംഭവത്തെ അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക നിയമത്തിന്റെയും നഗ്നമായ ലംഘനമെന്നും അസ്വീകാര്യമായ പ്രകോപനമെന്നും കടുത്ത തോതിൽ അപലപിക്കേണ്ടതെന്നും വിശേഷിപ്പിച്ചു.
എന്നാൽ, ബെൻ ഗ്വിറിന്റെ സന്ദർശനത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ‘ടെമ്പിൾ മൗണ്ടി’ലെ തൽസ്ഥിതി നിലനിർത്താനുള്ള ഇസ്രായേലിന്റെ നയം മാറിയിട്ടില്ല. മാറുകയുമില്ല എന്ന് പറഞ്ഞു. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ‘ടെമ്പിൾ മൗണ്ടി’ലെ ജൂത പരമാധികാരം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തു. ‘ലോകമെമ്പാടുമുള്ള ഇസ്രായേലിന്റെ ശത്രുക്കൾ നമുക്കെതിരെ തീരുമാനങ്ങൾ എടുക്കുകയും പ്രകടനം നടത്തുകയും ചെയ്യും. എന്നാൽ, ജറുസലേം, പടിഞ്ഞാറൻ മതിൽ, ക്ഷേത്ര പർവതം എന്നിവയുടെ മേലുള്ള നമ്മുടെ പിടിയും പരമാധികാരവും എന്നെന്നേക്കുമായി ശക്തിപ്പെടുത്തും’ എന്ന് കാറ്റ്‌സ് ‘എക്‌സി’ൽ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

