ശൈത്യം പടിവാതിൽക്കൽ, തണുപ്പിൽനിന്ന് രക്ഷനേടാൻ പുതപ്പുപോലുമില്ല; ഇസ്രായേൽ ജയിലുകളിൽ 9,400 ഫലസ്തീൻ തടവുകാർ നരകയാതനയിൽ
text_fieldsതെൽ അവീവ്: കൊടുംതണുപ്പിൽനിന്ന് രക്ഷനേടാൻ ഒരു പുതപ്പോ മാറിയുടുക്കാൻ വസ്ത്രമോ പോലുമില്ലാതെ ഇസ്രായേൽ ജയിലുകളിൽ 9,400ഓളം ഫലസ്തീൻ തടവുകാർ ദുരിതത്തിൽ. ശൈത്യകാലം പടിവാതിൽക്കലെത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കപ്പെടുന്ന തടവുകാർ ഗുരുതര ആരോഗ്യഭീഷണി നേരിടുകയാണെന്ന് ഫലസ്തീൻ സെന്റർ ഫോർ പ്രിസണേഴ്സ് സ്റ്റഡീസ് മുന്നറിയിപ്പ് നൽകി. വസ്ത്രങ്ങളും പുതപ്പുകളും എത്തിക്കാനുള്ള അന്താരാഷ്ട്ര സംഘടനകളുടെ ശ്രമങ്ങൾപോലും ഇസ്രായേൽ അധികൃതർ തടയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മൂന്നുവർഷത്തിലേറെയായി തടവുകാർ ശൈത്യകാല വസ്ത്രങ്ങളും പുതപ്പുകളും ഇല്ലാതെ ദുരിതമനുഭവിക്കുകയാണ്. ജയിലുകളിലെയും തടങ്കൽ കേന്ദ്രങ്ങളിലെയും ജീവിതസാഹചര്യങ്ങളും ആരോഗ്യസ്ഥിതിയും അനുദിനം വഷളാകുകയാണ്. തടവുകാരെ സന്ദർശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സോപ്പ് ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ തടവുകാർ ആശ്രയിച്ചിരുന്ന ജയിൽ കാന്റീനുകളും അടച്ചുപൂട്ടി. ഇതോടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാവാതെ തടവുകാർ ദുരിതത്തിലായിരിക്കുകയാണ്.
അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആർ.സി) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ തടവുകാർക്ക് വസ്ത്രങ്ങളും മറ്റും എത്തിച്ചുനൽകുന്നത് തടഞ്ഞിരിക്കുകയാണ്. ഇതിനുപുറമെ, തടവുകാരുടെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളും പുതപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ ജയിൽ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. തടവുമുറികളിൽ അവശേഷിക്കുന്ന കിടക്കകളും പുതപ്പുകളും പകൽസമയങ്ങളിൽ അധികൃതർ എടുത്തുമാറ്റുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ തണുപ്പിൽനിന്ന് രക്ഷനേടാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പുതിയ വസ്ത്രങ്ങൾ ലഭിക്കാത്തതിനാലും ഉപയോഗിക്കുന്നവ കഴുകാനോ മാറ്റാനോ കഴിയാത്തതിനാലും ദീർഘകാലമായി ഒരേ വസ്ത്രങ്ങളും പുതപ്പുകളും ഉപയോഗിച്ചാണ് അവർ മുന്നോട്ടുപോകുന്നത്. ഇത് സ്കേബീസ് അടക്കം വ്യാപക ചർമരോഗങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മതിയായ വൈദ്യസഹായവും ആവശ്യമായ ചികിത്സയും ലഭ്യമാകാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. ശൈത്യകാലം ആരംഭിക്കുന്നതോടെ തടവുകാരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും ഫലസ്തീൻ സെന്റർ ഫോർ പ്രിസണേഴ്സ് സ്റ്റഡീസ് ഉയർത്തിയിട്ടുണ്ട്. തടവുകാർക്ക് ആവശ്യമായ വസ്ത്രങ്ങളും പുതപ്പുകളും ലഭ്യമാക്കുന്നതിൽ തുടരുന്ന നിയന്ത്രണങ്ങൾ ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

