പ്രതിസന്ധികളും വികസനവും; ന്യൂയോർക്ക് മേയർ പദവിയിൽ 100 ദിവസം പൂർത്തിയാക്കി മംദാനി
text_fieldsന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരമായ ന്യൂയോർക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‍ലിം വംശജൻ സൊഹ്‌റാൻ മംദാനി തന്റെ ഭരണത്തിന്റെ 100 ദിവസങ്ങൾ പൂർത്തിയാക്കുന്നു. സാധാരണക്കാരുടെ ജീവിതച്ചെലവ് കുറക്കുമെന്ന വാഗ്ദാനവുമായി അധികാരമേറ്റ ഈ യുവ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ്, ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രദ്ധേയമായ ചില മാറ്റങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു.
മംദാനിയുടെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത് നഗരത്തിലെ എല്ലാവർക്കും സൗജന്യ ശിശുപരിചരണ സൗകര്യം ഉറപ്പാക്കിയതാണ്. ഇതിനായി ഗവർണർ കാത്തി ഹോച്ചലുമായി ചേർന്ന് 1.2 ബില്യൺ ഡോളറിന്റെ ഫണ്ട് അദ്ദേഹം അനുവദിച്ചു. ജൂൺ മുതൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഡേകെയർ സെന്ററുകളിൽ മുൻഗണന ലഭിക്കും. ഇതിനുപുറമെ, നഗരത്തിലെ റോഡുകളിലെ ഒരു ലക്ഷത്തോളം കുഴികൾ അടച്ചുതീർത്തതും ജനശ്രദ്ധയാകർഷിച്ചു. ചെറിയ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മംദാനി പറഞ്ഞു.
നഗരത്തിലെ 62 ശതമാനം ജനങ്ങൾക്കും ആവശ്യമായ വരുമാനമില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്കും വീട്ടുവാടകക്കുമായി ഒരു സാധാരണ കുടുംബത്തിന് പ്രതിവർഷം 40,000 ഡോളറിന്റെ കുറവുണ്ടെന്നും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കറുത്ത വർഗ്ഗക്കാരെയും ഹിസ്പാനിക് വംശജരെയുമാണെന്നും മേയർ ചൂണ്ടിക്കാട്ടി. നഗരത്തെ സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കി മാറ്റുകയാണ് തന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിസമ്പന്നർക്ക് മേൽ കൂടുതൽ നികുതി ചുമത്താനുള്ള മംദാനിയുടെ നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നികുതി വർദ്ധിപ്പിച്ചാൽ കോടീശ്വരന്മാർ നഗരം വിടുമെന്നാണ് വിമർശകരുടെ വാദം. കൂടാതെ, മംദാനിയുടെ വംശീയ പശ്ചാത്തലത്തിന്റെ പേരിൽ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് വംശീയ അധിക്ഷേപങ്ങളും ഭീഷണികളും അദ്ദേഹം നേരിടുന്നുണ്ട്. മേയറുടെ വസതിയായ ഗ്രേസി മാൻഷന് മുന്നിൽ നടന്ന പ്രതിഷേധം വൻ സംഘർഷത്തിലാണ് കലാശിച്ചത്.വെല്ലുവിളികൾക്കിടയിലും സാധാരണക്കാരുടെ പ്രശ്നങ്ങൾ നഗരഭരണത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു എന്നതാണ് മംദാനിയുടെ ആദ്യ 100 ദിവസങ്ങളുടെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

