ഫലസ്തീനി വനിതകളെ ഇസ്രായേൽ സേന ബലാത്സംഗം ചെയ്തതായി യു.എൻ
text_fieldsന്യൂയോർക്ക്: ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഇസ്രായേൽ സേന ബലാത്സംഗവും ലൈംഗികാതിക്രമവും അടക്കം ഗുരുതര യുദ്ധക്കുറ്റങ്ങൾ ചെയ്തതായി വിശ്വസനീയമായ പരാതികൾ ലഭിച്ചെന്ന് യു.എൻ പ്രതിനിധികൾ. ഏകപക്ഷീയമായി കൊലപ്പെടുത്തൽ, തടങ്കലിൽ വെക്കൽ, ബലാത്സംഗം, ലൈംഗികാതിക്രമ ഭീഷണി എന്നിവ നേരിട്ടതായാണ് യുഎൻ പ്രത്യേക പ്രതിനിധികളായ റീം അൽസലേം, ഫ്രാൻസെസ്‌ക അൽബാനീസ് അറിയിച്ചത്.
രണ്ട് ഫലസ്തീൻ തടവുകാരെങ്കിലും ഇസ്രായേൽ സൈനികരാൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും മറ്റുള്ളവർ ലൈംഗികാതിക്രമത്തിന് ഇരയായെന്നും റിപ്പോർട്ടിൽ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ഗുരുതരമായ ലംഘനങ്ങളാണിതെന്നും ഉത്തരവാദികളെ അന്താരാഷ്ട്ര ക്രിമിനൽ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
പലായനം ചെയ്യുന്നതിനിടയിലും അഭയം തേടിയ സ്ഥലങ്ങളിലും ഫലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും വെടിവെച്ചുകൊന്നിട്ടുണ്ട്. സമാധാനത്തിന്റെ അടയാളമായി വെള്ളപ്പതാക കൈവശം വെച്ചവരെ വരെ ഇസ്രായേൽ സേന കൊലപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ഫലസ്തീനിയൻ സ്ത്രീകളെയും പെൺകുട്ടികളെയും ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കുന്നതിൽ യു.എൻ ആശങ്ക പ്രകടിപ്പിച്ചു.
തടവുകാരെ കഠിനമായി മർദിക്കുകയും അവർക്ക് ആർത്തവ പാഡുകളും ഭക്ഷണവും മരുന്നും നിഷേധിക്കുകയും ചെയ്തതായി ഇവർ ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും കാണാതായതിലും റിപ്പോർട്ട് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവും ഫലപ്രദവുമായ അന്വേഷണം ഉടൻ വേണമെന്ന് പ്രമുഖർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

