ഇന്ത്യയുടെ ‘ഭ്രാന്തമായ ഇസ്രായേൽ സ്നേഹ’ത്തെ വാഴ്ത്തി നെതന്യാഹു
text_fieldsജറൂസലം: അയൽപക്കങ്ങളിലും ഗസ്സയിലുമടക്കം തുടരുന്ന ക്രൂരതകളുടെ പേരിൽ ആഗോള തലത്തിൽ ഒറ്റപ്പെടുമ്പോഴും ഇസ്രായേലിനോട് ഇന്ത്യ പുലർത്തുന്ന കറയറ്റ സ്നേഹം പ്രത്യേകം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ‘ഇസ്രായേലിനോട് ശരിക്കും ഭ്രാന്തൻ സ്നേഹം’ കാണിക്കുന്ന ഇന്ത്യ ‘മഹത്തായ ശക്തി’യാണെന്ന് വ്യാഴാഴ്ച ജോർഡൻ താഴ്വരയിൽ നടന്ന പരിപാടിയിൽ നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന്റെ വളർന്നുവരുന്ന രാജ്യാന്തര പങ്കാളിത്തങ്ങളുടെ പ്രധാന ഉദാഹരണമാണ് ഇന്ത്യയുമായുള്ള സൗഹൃദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിനെതിരെ വർധിച്ചുവരുന്ന രാജ്യാന്തര വിമർശനത്തെ കുറിച്ച് പ്രതികരിക്കവെ നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ: ‘ലോകത്തിന്റെ പലഭാഗങ്ങളിലും നമ്മുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യയിൽ പക്ഷേ, അങ്ങനെയല്ല. ഇസ്രായേലിനോട് ശരിക്കും ഭ്രാന്തമായ ഇഷ്ടം അവിടെ നിലനിൽക്കുന്നു. സത്യമായും ഭ്രാന്തൻ ഇഷ്ടം. ലോകത്ത് മറ്റെവിടെയും ഇല്ലാത്തത്ര ആരാധകർ എനിക്ക് ഇന്ത്യയിലുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്’. ചമുമ്പും പ്രധാനമന്ത്രി മോദിയുമായി തന്റെ വ്യക്തിഗത അടുപ്പം നെതന്യാഹു എടുത്തുപറഞ്ഞിരുന്നു.
ഇസ്രായേൽ സമീപനം: മോദിക്ക് കോൺഗ്രസിന്‍റെ വിമർശനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനോട് പുലർത്തുന്ന സമീപനത്തെ വിമർശിച്ച് കോൺഗ്രസ്. ധാർമികമായ ഭീരുത്വമാണ് മോദി കാട്ടുന്നതെന്നും ഇന്ത്യൻ മൂല്യങ്ങളെ വഞ്ചിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹ മാധ്യമമായ എക്‌സിലെ പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഇസ്രായേലിന് ഇന്ത്യയൊഴികെ ആഗോളതലത്തിൽ അവഗണന നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെസ്റ്റ് ബാങ്കിലെ സമ്മേളനത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞതായുള്ള റിപ്പോർട്ടിനെ തുടർന്നാണ് കോൺഗ്രസിന്‍റെ വിമർശനം. ഇറാന്‍റെ പരമോന്നത നേതാവിനെ വധിച്ച നടപടിയെയും, ഗസ്സയിലെ സൈനികാക്രമണത്തെയുമൊക്കെ അപലപിക്കാൻ മോദിക്ക് കഴിഞ്ഞില്ല. ഇന്ത്യ അനുവർത്തിച്ചുപോരുന്ന മൂല്യങ്ങളെ ഒറ്റുന്ന നിലപാടാണ് മോദി സ്വീകരിച്ചതെന്നും കോടിക്കണക്കിന് ഇന്ത്യക്കാർക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

