
കോവിഡ് കാലം ഉടനെയൊന്നും അവസാനിക്കില്ലെന്ന് വിദഗ്ധർ
text_fields മാസങ്ങൾക്ക് മുമ്പ് അപൂർവമായൊരു ന്യുമോണിയ വാർത്ത ചൈനയിൽ നിന്ന് പുറത്തു വന്നപ്പോൾ, ലോകത്തെയാകെ സ്തംഭിപ്പിക്കാൻ കരുത്തുള്ള ഭീകരനാണതെന്ന് ആരും കരുതിയിരുന്നില്ല. മാസങ്ങൾക്കകം ലോകമാകെയുള്ള ജനങ്ങളുടെ ജീവിതമാകെ മാറുന്നതാണ് പിന്നീട് കണ്ടത്. നേരത്തെയുണ്ടായിരുന്ന ജീവിതക്രമത്തിലേക്കുള്ള തിരിച്ച് പോക്ക് ഇനിയെന്നാണെന്ന ചോദ്യമാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. വാക്സിൻ ഗവേഷണങ്ങളിലെ പുരോഗതി പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കോവിഡ് വൈറസ് വർഷങ്ങളോളം മനുഷ്യരുടെ കൂടെ തന്നെ കാണുമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്.
'കോവിഡ് 19 വൈറസ് ഉടനെയൊന്നും നമ്മെ വിട്ടു പോകില്ല. വ്യാപന സാധ്യത ഉള്ളിടത്തൊക്കെ അത് രോഗം പരത്തിക്കൊണ്ടിരിക്കും' - ലോകാരോഗ്യ സംഘടനയുടെ ഗേവഷക സൗമ്യ സോമിനാഥൻ പറയുന്നു. നിലവിലെ അവസ്ഥയിൽ വാക്സിൻ ലഭ്യമായാൽ കൂടി കോവിഡ് വ്യാപനം ഇടവേളകളിൽ കൂടിയും കുറഞ്ഞുമായി വർഷങ്ങളോളം നില നിൽക്കുമെന്നാണ് പകർച്ചവ്യാധി മേഖലയിൽ പഠനം നടത്തുന്നവരും നൽകുന്ന സൂചന. വസൂരി മാത്രമാണ് നമുക്ക് പൂർണമായും നിർമാർജനം ചെയ്യാൻ കഴിഞ്ഞ വൈറസ് രോഗം. മറ്റു വൈറൽ രോഗങ്ങെള നിയന്ത്രിച്ച് നിർത്താൻ മാത്രമാണ് കഴിഞ്ഞിട്ടുള്ളതെന്നിരിക്കെ, എപ്പോഴും എവിടെയും പ്രതീക്ഷിക്കാവുന്ന രോഗവ്യാപന ഭീഷണിയുമായി കോവിഡ് വർഷങ്ങളോളം മനുഷ്യ സമൂഹത്തിെൻറ കൂടെത്തന്നെ കാണും.
കൊറോണ വൈറസിനെതിരെ 29 വാക്സിൻ ഗവേഷണങ്ങൾ മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റഷ്യയിൽ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ, കോവിഡ് വൈറസിെനതിരെ വാക്സിനുകളുടെ പ്രതിരോധ ശേഷി എത്രകാലം നില നിൽക്കും എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ പരീക്ഷണങ്ങളിലൂടെ മാത്രം ഉറപ്പിക്കാനാകുകയുള്ളുവെന്നും അത് കൂടുതൽ സമയം ആവശ്യമായ ഗവേഷണ പ്രവർത്തനമാണെന്നും ഒാക്സ്േഫാർഡിൽ വാക്സിൻ ഗവേഷണത്തിന് നേതൃത്വം നൽകുന്ന സാറാ ഗിൽബർട്ട് പറയുന്നു.
മാത്രമല്ല, വാക്സിനുകൾ ലഭ്യമായാൽ തന്നെയും ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരടക്കമുള്ള 'ഹൈ റിസ്ക്' വിഭാഗത്തിനാണ് ലഭ്യമാകുക. വ്യാപകമായി ഉപയോഗിക്കാനാകുന്ന സുരക്ഷിത വാക്സിനുകൾ അടുത്ത വർഷം അവസാനമാകുേമ്പാഴേക്ക് പ്രതീക്ഷിച്ചാൽ മതിയെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാട്ടിസിെൻറ സി.ഇ.ഒ വാസ് നരസിംഹൻ പറയുന്നു. കോവിഡിെൻറ പൂർണമായ നിർമാർജനം ഇപ്പോൾ അസാധ്യമാണെന്നും നരസിംഹൻ ചൂണ്ടികാണിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണം ഇതിനകം രണ്ട് കോടിയിലധികമായി. 7.5 ലക്ഷത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്.
ഏറെകാലം കൂടെയുണ്ടാകും
നമുക്ക് പരിചിതമല്ലാത്ത വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നുമുള്ള രോഗബാധ ഈയടുത്തായി കൂടുകയാണെന്ന് എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ദേവി ശ്രീധർ പറയുന്നു. നഗരവൽകരണവും വനനശീകരണവും വന്യജീവികളുമായുള്ള മനുഷ്യരുടെ സമ്പർക്കം വർധിപ്പിച്ചുവെന്നും ഇത് കൂടുതൽ വൈറസ് ബാധ മനുഷ്യരിലുണ്ടാക്കാൻ കാരണമായെന്നും ദേവി ചൂണ്ടികാട്ടുന്നു.
വന്യജീവിതവുമായുള്ള സമ്പർക്കം കുറക്കുന്നതിനുള്ള നടപടികളെടുത്തില്ലെങ്കിൽ പുതിയ വൈറസുകളുടെ വ്യാപനത്തിനും സാധ്യത ഉണ്ടെന്ന് ലണ്ടൻ ഇംപീരിയൽ കോളജിലെ നീൽ ഫെർഗൂസൺ പറയുന്നു.
സാമൂഹിക വ്യാപന സാധ്യതയുള്ള വൈറസ് രോഗങ്ങൾ മനുഷ്യ സമൂഹത്തിന് ഉയർത്തുന്ന ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ ആസൂത്രിതമായ നടപടികൾ ഭരണകൂടങ്ങൾ തന്നെ നടപ്പാക്കണമെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ആരോഗ്യ ഗവേഷണ രംഗത്തും ചികിത്സാ രംഗത്തും സർക്കാറുകൾ തന്നെ മുതൽ മുടക്കുന്ന സാഹചര്യമുണ്ടായില്ലെങ്കിൽ ഭാവി വെല്ലുവിളി നിറഞ്ഞതായിരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
