കോവിഡ് വാക്സിൻ നവംബർ മൂന്നിന് മുമ്പായി പുറത്തിറക്കുമെന്ന് ട്രംപ്
text_fields
വാഷിങ്ടൺ: കോവിഡ് പ്രതിരോധ വാക്സിൻ നവംബർ മൂന്നിന് മുമ്പായി പുറത്തിറക്കാൻ കഴിഞ്ഞേക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്ത്. വാക്സിൻ എന്ന് പുറത്തിറക്കുമെന്ന് ? ഒരു റേഡിയോ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കുമെന്ന് ട്രംപ് പറഞ്ഞത്. അതേസമയം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പലതവണയായി പറഞ്ഞ തീയതികൾക്കും ഏറെ നേരത്തെയാണ് ട്രംപിെൻറ വാക്സിൻ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
'ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി തന്നെ വാക്‌സിനുണ്ടാകും. ചിലപ്പോള്‍ വളരെ പെട്ടെന്ന് തന്നെ.' നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പായി ഉണ്ടാകുമോ ? എന്ന അവതാരകെൻറ ചോദ്യത്തിന്, 'ചിലപ്പോള്‍ അതിനും സാധ്യതയുണ്ടെന്ന്' ട്രംപ് മറുപടി നൽകി. അമേരിക്കൻ പ്രസിഡൻറ് പദവിയിൽ രണ്ടാം ഉൗഴം കാത്തിരിക്കുകയാണ് ട്രംപ്. ലോക്ഡൗൺ മൂലം വലിയ സാമ്പത്തികപ്രതിസന്ധിയിലായ രാജ്യം കോവിഡിൽ നിന്നും മുക്തമാകാനുള്ള കഠിന പരിശ്രമത്തിലാണ്.
ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാമ്പെയിൻ നടത്തുമെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിെൻറ അവകാശവാദം. രാജ്യം വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണഘട്ടം പൂർത്തിയായെന്നും ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ കാമ്പെയിൻ നടത്തുമെന്നും റഷ്യൻ ആരോഗ്യമന്ത്രി മിഖായിൽ മുറഷ്കോയായിരുന്നു അറിയിച്ചത് .