കോവിഡ് -19 ഉത്ഭവം: യു.എസ് ഇന്റലിജൻസ് ഏജൻസികൾ രണ്ടു തട്ടിൽ
text_fieldsവാഷിങ്ടൺ: കൊറോണ വൈറസിെന്റ ഉത്ഭവത്തെക്കുറിച്ച് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ രണ്ടു തട്ടിൽ. നാഷനൽ ഇന്റലിജൻസ് ഡയറക്ടർ ഓഫിസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മഹാമാരിയുടെ ഉറവിടം അമേരിക്കയിൽ ചൂടേറിയ ചർച്ചാവിഷയമാണ്. ലബോറട്ടറിയിൽനിന്നാണ് വൈറസ് പുറത്തുപോയതെന്ന വാദം ചൈന ശക്തമായി നിഷേധിച്ചിരുന്നു.
ചൈനയിലെ ലബോറട്ടറിയിൽനിന്നാണ് കോവിഡ്-19 ആരംഭിച്ചതെന്നതിന് പ്രത്യക്ഷത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. സ്വാഭാവികമായി ഉണ്ടായത്, ലബോറട്ടറിയിൽ ഉത്ഭവിച്ചത് എന്നിങ്ങനെയുള്ള രണ്ട് സാധ്യതകളും തള്ളിക്കളയാനാവില്ല. വൈറസ് ജനിതകപരമായി രൂപപ്പെടുത്തിയെടുത്തതോ ലബോറട്ടറിയിൽ സൃഷ്ടിച്ചതോ അല്ലെന്ന് മിക്ക യു.എസ് ഇന്റലിജൻസ് ഏജൻസികളും കരുതുന്നതായി റിപ്പോർട്ട് പറയുന്നു.ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെക്കുറിച്ച് അറിയുന്ന കാര്യങ്ങൾ യു.എസ് ഇന്റലിജൻസ് ഏജൻസി 90 ദിവസത്തിനകം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബിൽ കഴിഞ്ഞ മാർച്ചിൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയിരുന്നു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച രാത്രി റിപ്പോർട്ട് പുറത്തുവിട്ടത്.
വൈറസിെന്റ കൃത്യമായ ഉറവിടം തിട്ടപ്പെടുത്താനാകാത്ത അവസ്ഥയിലാണ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയും മറ്റൊരു ഏജൻസിയും. വൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകർന്നുവെന്ന് കരുതുന്നവരാണ് നാല് ഇന്റലിജൻസ് ഏജൻസികൾ. എന്നാൽ, വൈറസ് ലബോറട്ടറിയിൽനിന്ന് പുറത്തുപോയതാണെന്ന് കരുതുന്നവരാണ് എഫ്.ബി.ഐയും എനർജി ഡിപ്പാർട്മെന്റും.
വൈറസ് ലബോറട്ടറിയിൽനിന്ന് ഉത്ഭവിച്ചതാണെന്ന വാദം യു.എസ് ഇന്റലിജൻസ് സമൂഹത്തിന് തള്ളിക്കളയാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഒരു ജൈവായുധമായി വികസിപ്പിച്ചതല്ല കോവിഡ് -19 എന്നകാര്യത്തിൽ ഏജൻസികളെല്ലാം ഒരേ അഭിപ്രായക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

