തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹരജി സമർപ്പിക്കാനിരിക്കെ സാംബിയയിൽ കോടതികൾ അടച്ചുപൂട്ടി
text_fieldsപ്രസിഡന്റ് ഹകൈൻഡെ ഹിചിലെമ
ലുസാക്ക: സാംബിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹരജി സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ രാജ്യത്തെ പരമോന്നത കോടതികൾ അടച്ചുപൂട്ടി. തലസ്ഥാനമായ ലുസാക്കയിലെ ഹൈകോടതി, സുപ്രീം കോടതി, ഭരണഘടനാ കോടതി ഉൾപ്പെടെയുള്ള കോടതികളാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അടച്ചത്. കോടതികൾക്ക് സമീപം വൻ പൊലീസ്-സൈനിക സാന്നിധ്യവും റിപ്പോർട്ട് ചെയ്തു.
നിലവിലെ പ്രസിഡന്റ് ഹകൈൻഡെ ഹിചിലെമ ഓഗസ്റ്റ് 13ന് നടന്ന തെരഞ്ഞെടുപ്പിൽ അറുപത് ശതമാനം വോട്ട് നേടി രണ്ടാം തവണയും അധികാരത്തിലെത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ സ്ഥാനാർഥി ബ്രയാൻ മുണ്ടുബൈൽ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വധഭീഷണികളെ തുടർന്ന് ഒളിവിൽ കഴിയുന്ന മുണ്ടുബൈൽ, തിങ്കളാഴ്ച കോടതിയെ സമീപിക്കാൻ ഇരുന്നതാണെങ്കിലും, കോടതിയിലെത്തിയ അഭിഭാഷകരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആയുധധാരികളായ മൂന്ന് പേർ തന്റെ വാഹനത്തിനടുത്തെത്തി പ്രദേശം വിട്ടുപോകാൻ നിർദേശിച്ചതായി ഒരു അഭിഭാഷകൻ ബി.ബി.സിയോട് പറഞ്ഞു.
തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹരജി നൽകാനുള്ള അവസാന ദിവസം. ഹരജി സ്വീകരിക്കപ്പെട്ടാൽ സെപ്റ്റംബർ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന ഹിചിലെമയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെയും ഇത് ബാധിച്ചേക്കും. സുരക്ഷാ കാരണങ്ങളാൽ കോടതികൾ അടച്ചതായാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അടച്ചുപൂട്ടലിന്റെ കാലാവധിയോ സുരക്ഷാ സാഹചര്യം സംബന്ധിച്ച വിശദാംശങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കോടതികൾ അടച്ചതിനെതിരെ ലോ അസോസിയേഷൻ ഓഫ് സാംബിയ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. കോടതികൾ അടച്ചത് നീതി ലഭിക്കാനുള്ള അവകാശത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് ഹരജി സമർപ്പിക്കാനുള്ള നിർണായക സമയത്താണ് നടപടിയെന്നും സംഘടന ചൂണ്ടിക്കാട്ടി.
കോടതികൾ അടച്ചത് മുണ്ടുബൈലയെ തെരഞ്ഞെടുപ്പ് ഹരജി നൽകുന്നതിൽ നിന്ന് തടയാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ സാംബിയയിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങളാണ് നിലനിൽക്കുന്നത്. പ്രതിപക്ഷ നേതാക്കൾ അറസ്റ്റിലാവുകയും ചിലർ ഒളിവിൽ പോവുകയും ചെയ്തിട്ടുണ്ട്.
മുൻ മന്ത്രി മുടോത്‌വെ കഫ്വായയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും മനുഷ്യാവകാശ സംഘടനകളും ലോ അസോസിയേഷൻ ഓഫ് സാംബിയയും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തിയെങ്കിലും പ്രതിപക്ഷത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, മാധ്യമസ്വാതന്ത്ര്യം, വോട്ടെണ്ണൽ നടപടികളിലെ സുതാര്യത എന്നിവയിൽ ആശങ്ക ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

