'രാജ്യം മുങ്ങി കൊണ്ടിരിക്കുകയാണ്'; പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: രാജ്യം മുങ്ങി കൊണ്ടിരിക്കുകയാണെന്നും അതിനാൽ രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലെ നിയമസഭകൾ ഡിസംബർ 23ന് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇംറാൻ ഖാന്‍റെ പ്രതികരണം.
"സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കാത്തിടത്തോളം കാലം പാകിസ്താൻ മുങ്ങിപ്പോകുമെന്ന് തങ്ങൾ ഭയപ്പെടുന്നുവെന്ന് ഇംറാൻ ഖാൻ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി പർവേസ് ഇലാഹിയും ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍റെയും സാനിധ്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ മാത്രമാണ് രാജ്യത്തിന്‍റെ പ്രശ്‌നങ്ങൾക്കുള്ള ഏക പരിഹാരമെന്നും എന്നാൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലെ നിയമസഭകൾ പിരിച്ച് വിട്ടതിന് ശേഷം തങ്ങൾ തെരഞ്ഞെടുപ്പിന് തയാറെടുക്കും. ഷഹ്ബാസ് ശരീഫ് സർക്കാരിനെ തെരഞ്ഞെടുപ്പിലൂടെ ഒരു പാഠം പഠിപ്പിക്കുമെന്നും ഈ കള്ളൻമാരുടെ പേര് എന്നെന്നേക്കുമായി തുടച്ചുനീക്കും വിധത്തിലുള്ള പരാജയം അവർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിൽ നടന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് ഇംറാൻ ഖാൻ സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

