കൊറോണ ഭീതി വീണ്ടും; ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ തടഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ
text_fieldsകൊറോണ ഭീതി വീണ്ടും ശക്തമായതോടെ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ തടഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ. നെതർലാൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചു. ഫ്രാൻസും ഇറ്റലിയും ജർമ്മനിയും സമാനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. കൊറോണ വൈറസിെൻറ പുതിയ ആഘാതം തടയുന്നതിന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കാൻ ആലോചിക്കുന്നതായി ബിബിസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
ബെൽജിയം യുകെയിൽ നിന്നുള്ള ട്രെയിനുകളും നിർത്തി. യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള വിമാനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് രാജ്യം ആലോചിക്കുന്നതായി ജർമൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും നിരോധനം ഏർപ്പെടുത്തുമെന്ന് ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു. ഇത് മുൻകരുതൽ നടപടിയാണെന്നും കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ പിന്നീട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങൾക്കും നിരോധനം ജനുവരി 1 വരെ പ്രാബല്യത്തിൽ വരുമെന്ന് നെതർലാൻഡ്‌സ് അറിയിച്ചു.
ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രിസ്മസ് ലോക്ഡൗണിലേക്ക് പ്രവേശിച്ചതിനാലാണ് പുതിയ നീക്കങ്ങൾ നടന്നത്. വൈറസിെൻറ രണ്ടാം വരവ് 'നിയന്ത്രണാതീതമാണ്'എന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസിെൻറ പുതിയ വകഭേദം ലണ്ടനിലും തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലും അതിവേഗം വ്യാപിച്ചിട്ടുണ്ട്. ക്രിസ്മസ് പദ്ധതികൾ റദ്ദാക്കാനും വീട്ടിൽ തുടരാനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശനിയാഴ്ച ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ക്രിസ്മസ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നതിനുള്ള പദ്ധതികൾ റദ്ദാക്കുന്ന പുതിയ നിയന്ത്രണങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം യുകെയിൽ ഇതുവരെ 20,10,077 കോവിഡ് അണുബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.