സഹകരണത്തിന് വിശ്വാസമാണ് ആവശ്യം, തീവ്രവാദമല്ല; പാകിസ്താനെതിരെ യു.എന്നിൽ ഇന്ത്യ
text_fieldsന്യൂഡൽഹി: സഹകരണത്തിന് വിശ്വാസമാണ് ആവശ്യമെന്നും തീവ്രവാദമല്ലെന്നുമുള്ള മറുപടി പാകിസ്താന് നൽകി ഇന്ത്യ. യു.എന്നിലാണ് ഇന്ത്യയുടെ പരാമർശം. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ സെഷനിൽ സംസാരിക്കുന്നതിനിടെയാണ് ഇന്ത്യൻ പ്രതിനിധി അനുപമ സിങ്ങിന്റെ പരാമർശം. ഇന്ത്യക്കെതിരെ യു.എന്നിൽ പാകിസ്താൻ നിരന്തര വിമർശനം ഉന്നയിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ മറുപടി.
കൗൺസിലിന്റെ നടപടിക്രമങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഒരു പ്രത്യേക പ്രതിനിധി സംഘത്തിന്റെ നിരന്തരവും മനഃപൂർവവുമായ ശ്രമത്തിൽ ഞങ്ങൾ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ ഈ വേദിയുടെ സമഗ്രതയെ ദുർബലപ്പെടുത്തുക മാത്രമല്ല, മറ്റ് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും കാരണമാകുമെന്നും ഇന്ത്യ യു.എന്നിൽ നിലപാടറിയിച്ചു.
1960ലാണ് സിന്ധു-നദീജല കരാർ ഒപ്പിട്ടപ്പോഴുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളതെന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധി അനുപമ സിങ് പറഞ്ഞു.
ഏപ്രിൽ 23നാണ് ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നായിരുന്നു ഇന്ത്യയുടെ നടപടി. ഓപ്പറേഷൻ സിന്ദൂർ പ്രകാരമുള്ള സൈനിക നടപടികൾക്കൊപ്പം തന്നെ നയതന്ത്രതലത്തിൽ നദീജല കരാർ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു.
സിന്ധുനദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ തീരുമാനം പാകിസ്താനിൽ കടുത്ത ജലക്ഷാമത്തിന് കാരണമായിരുന്നു. തുടർന്ന് സിന്ധുനദീജല കരാർ പുനസ്ഥാപിക്കണമെന്ന് നിരവധി തവണ പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. യു.എൻ ഉൾപ്പടെയുള്ള വേദികളിൽ ഇക്കാര്യം ഉയർത്തുകയും ചെയ്തിരുന്നു. കശ്മീർ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സന്നദ്ധതയും പാകിസ്താൻ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിലെ ഇന്ത്യയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

