ഫലസ്തീനികളെ ഗസ്സയിൽ നിന്ന് ആട്ടിപ്പായിക്കാൻ ഗൂഢാലോചന?
text_fieldsഗസ്സ: ഗസ്സയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ഓക്സിജനില്ലാതെ അഞ്ച് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് രോഗികൾ കൂടി ജീവനഷ്ട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം രോഗികളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
20 പേരെ ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില ബന്ദികളെ ഒളിപ്പിച്ചത് ഈ ആശുപത്രിയിലാണെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ അതിക്രമം. എന്നാൽ, ഇതിന് തെളിവ് ഹാജരാക്കാനോ ബന്ദികളെ കണ്ടെത്താനോ അവർക്ക് കഴിഞ്ഞിട്ടില്ല. അതിനിടെ ഗസ്സയിലെ ഫലസ്തീനികളെ ഈജിപ്തിലെ സീനായ് മരുഭൂമിയിലേക്ക് ആട്ടിപ്പായിക്കാൻ നീക്കമുണ്ടെന്ന ആശങ്ക വർധിച്ചു.
ഈജിപ്തിൽ ഗസ്സയോടുചേർന്ന് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായ ഉപഗ്രഹ ചിത്രമാണ് സംശയം പടർത്തിയത്. സീനായിൽ തള്ളാനുള്ള നീക്കം ഫലസ്തീനികൾക്കും ഈജിപ്തിനും ദുരന്തമാകുമെന്നും ഭാവി സമാധാനത്തെ ഗുരുതരമായി ബാധിക്കുമെന്നും ഐക്യരാഷ്ട്ര സഭ ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
ഈജിപ്തിന്റെ താൽപര്യങ്ങൾ ഹനിക്കാനോ ഫലസ്തീനികളെ ഗസ്സയിൽ നിന്ന് ആട്ടിപ്പായിക്കാനോ ഉദ്ദേശ്യമില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാട്സ് പ്രതികരിച്ചു. റഫയിൽ കരയുദ്ധവുമായി മുന്നോട്ടുപോകരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. റഫയിലെ അതിക്രമം ഗസ്സ യുദ്ധം മറ്റൊരു തലത്തിലേക്ക് വളർത്തുന്ന നിർണായക സംഭവമാകുമെന്നാണ് ഫ്രാൻസിന്റെ മുന്നറിയിപ്പ്.
അതിനിടെ യമനിലെ ഹൂതികളും യു.എസ് -യു.കെ സഖ്യവും തമ്മിൽ സംഘർഷം തുടരുകയാണ്. വെള്ളിയാഴ്ച ഹൂതികൾ യു.എസ് കപ്പലിനെ ആക്രമിച്ചു. ചെങ്കടലിൽ സുരക്ഷിത പാതയൊരുക്കാനുള്ള യൂറോപ്യൻ യൂനിയൻ ദൗത്യത്തിൽ ചേരുമെന്ന് ജർമനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

