ഇസ്ലാമാബാദ്: തന്നെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താനിലും വിദേശത്തുമായി നടക്കുന്നുണ്ടെന്ന ആരോപണവുമായി പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താനിൽ ശനിയാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ആരാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് തനിക്ക് അറിയാം. ഇതിന്‍റെ എല്ലാ വിവരങ്ങളുമടങ്ങിയ വിഡിയോ താൻ റെക്കോർഡ് ചെയ്ത് സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഇതിൽ ആരൊക്കെയാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ എന്‍റെ ആളുകൾ ഈ വിഡിയോ പരസ്യപ്പെടുത്തും- ഇംറാൻ ഖാൻ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പും സമാന രീതിയിൽ തനിക്ക് വധഭീഷണിയുള്ളതായി ഇംറാൻ ഖാൻ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം സഭയിൽ നടന്ന അവിശ്വാസ പ്രമേയത്തിലൂടെയാാണ് ഇംറാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്.
പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഷെഹബാസ് ശരീഫിനെതിരെ അഴിമതിയും രാജ്യദ്രോഹവുമുൾപ്പടെ നിരവധി ആരോപണങ്ങളുന്നയിച്ച് ഇംറാൻ ഖാൻ റാലികളുൾപ്പടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കള്ളൻമാർക്ക് അധികാരം കൈമാറുന്നതിനേക്കാൾ നല്ലത് പാകിസ്താനിൽ അണുബോംബ് വർഷിക്കുന്നതാണെന്നാണ് ഷെഹബാസ് ശരീഫ് സർക്കാറിനെതിരെ കഴിഞ്ഞ ദിവസം അദ്ദേഹം വിശേഷിപ്പിച്ചത്.