പാക് അധീന കശ്മീരിൽ സംഘർഷം തുടരുന്നു; 2300 കോടിയുടെ സഹായം പ്രഖ്യാപിച്ച് സർക്കാർ
text_fieldsഇസ്ലാമാബാദ്: വിലക്കയറ്റത്തിനും വൈദ്യുതി നിരക്ക് വർധനക്കുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട പാക് അധീന കശ്മീരിൽ നാലാം ദിവസവും സംഘർഷാവസ്ഥ തുടരുന്നു.
അതിനിടെ പ്രതിഷേധം ശമിപ്പിക്കാൻ പാക് അധീന കശ്മീരിന് 2300 കോടിയുടെ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രദേശത്ത് ആരംഭിച്ച പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കൊഹാല-മുസാഫറാബാദ് റോഡിൽ പലയിടത്തും പ്രതിഷേധക്കാർ കുത്തിയിരുന്നു.
മാർക്കറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. മേഖലയിലേക്കുള്ള ഗതാഗതവും നിർത്തിെവച്ചു. ശനിയാഴ്ച പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജലവൈദ്യുതി ഉൽപാദനച്ചെലവിന് അനുസരിച്ചുള്ള നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക, സബ്സിഡി നിരക്കിൽ ഗോതമ്പ് മാവ് നൽകുക, വരേണ്യവർഗത്തിനുള്ള പ്രത്യേകാവകാശങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജമ്മു-കശ്മീർ ജോയൻറ് അവാമി ആക്ഷൻ കമ്മിറ്റിയാണ് (ജെ.എ.എ.സി) പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലേക്ക് ജെ.എ.എ.സിയുടെ നേതൃത്വത്തിൽ ലോങ് മാർച്ചും ആരംഭിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫിന്റെ അധ്യക്ഷതയിൽ പാക് അധീന കശ്മീർ പ്രധാനമന്ത്രി ചൗധരി അൻവാറുൽ ഹഖ്, പ്രാദേശിക മന്ത്രിമാർ, ഉന്നത രാഷ്ട്രീയനേതൃത്വം എന്നിവരുടെ യോഗം ചേർന്നു. ഫെഡറൽ മന്ത്രിമാരും സഖ്യകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

