വിവാഹം കഴിച്ചില്ലെങ്കിൽ പിരിച്ചു വിടും; വിചിത്ര നിർദേശവുമായി ചൈനീസ് കമ്പനി
text_fieldsകൃത്യമായി ജോലി ചെയ്തില്ലെങ്കിൽ കമ്പനി പിരിച്ചുവിടുന്നത് സ്വാഭാവികമാണ്. എന്നാൽ അവിവാഹിതരായി തുടരുന്നുവെന്ന കാരണത്താൽ ജോലിയിൽ നിന്നും പിരിച്ചുവിടുക എന്നുള്ളത് ഒരു വിചിത്രമായ സംഭവമാണ്. ഇത്തരത്തിലൊരു ഭീഷണിയാണ് ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള കമ്പനി ജീവനക്കാർക്ക് മുന്നിൽ വെച്ചിരിക്കുന്നത്.
വിവാഹമോചിതർ ഉൾപ്പെടെ അവിവാഹിതരായ ജീവനക്കാർ ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ വിവാഹിതരാവണമെന്നാണ് കമ്പനിയുടെ ആവശ്യം. അവിവാഹിതരായി തുടരുകയാണെങ്കിൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നാണ് കമ്പനി ജീവനക്കാർക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.
ഷൺ ടിയാൻ കെമിക്കല്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡാണ് ജീവനക്കാരായ 1200 പേര്‍ക്ക് ഇക്കാര്യം അറിയിച്ചുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. നന്നായി ജോലി ചെയ്ത് മികച്ച രീതിയില്‍ കുടുംബ ജീവിതം നയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവം വിവാദമായതോടെ നോട്ടീസ് പിൻവലിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. അറിയിപ്പ് റദ്ദാക്കിയതായും കമ്പനി പറഞ്ഞു. എന്നിരുന്നാലും വീണ്ടും ഇത്തരം ഭീഷണി നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ. കമ്പനിയുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും അത് വിവാഹ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും ചൈനീസ് നിയമവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

