വരുന്നു, കോവിഡിനെ തുരത്തുന്ന മുഖകവചം; വികസിപ്പിച്ചത് യു.എസ് ഗവേഷകർ
text_fieldsവാഷിങ്ടൺ: കോവിഡ് പരത്തുന്ന സാർസ് -കോവ്-2 വൈറസിനെ കൊല്ലാൻ ശേഷിയുള്ള മുഖകവചം വികസിപ്പിച്ച് യു.എസ് ഗവേഷകർ. കോവിഡ് അടക്കം വായുജന്യ രോഗങ്ങൾ തടയാനും പുതിയ എൻ 95 മാതൃകയിലുള്ള മാസ്കിന് കഴിയുമെന്ന് മാസ്ക് വികസിപ്പിച്ച യു.എസിലെ റെൻസ്ലെയർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പറഞ്ഞു.
വൈറസിന് മാസ്കുമായി സമ്പർക്കമുണ്ടാകുന്ന നിമിഷത്തിൽതന്നെ അത് കൊല്ലപ്പെടുകയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ എഡ്മണ്ട് പലെർമൊ പറഞ്ഞു. ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നതും വളരെ കുറഞ്ഞ പ്ലാസ്റ്റിക് ഉള്ളതുമാണ് പുതിയ മാസ്ക്. നിശ്ചിത സമയം കഴിയുമ്പോൾ ഉപേക്ഷിക്കേണ്ട. സ്വയം അണുവിമുക്തമാകും. അന്തരീക്ഷത്തിലെ എല്ലാ സൂക്ഷ്മജീവികളിൽനിന്നും സംരക്ഷണം നൽകുന്ന വ്യക്തിഗത സുരക്ഷ ഉപകരണത്തിന്റെ ആദ്യ പടി എന്ന നിലയിലാണ് മാസ്കിനെ കാണുന്നതെന്നും പലെർമൊ പറഞ്ഞു.
പ്ലാസ്റ്റിക് ഘടകവും എളുപ്പം രാസമാറ്റത്തിന് വിധേയമാകാത്തതുമായ പോളിപ്രൊപ്പലീൻ ഉപയോഗിച്ചാണ് മാസ്ക് നിർമിക്കുന്നത്. രാസസംയുക്തമായ പോളിമർ ആവരണമാണ് രോഗകാരിയായ സൂക്ഷജീവികളെ പ്രതിരോധിക്കുന്നത്. ലളിതമായ രസതന്ത്രമാണ് ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നും ഗവേഷകർ പറഞ്ഞു. യു.എസിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -എം.ഐ.ടി) ഗവേഷകരും മുഖകവചം വികസിപ്പിക്കുന്നതിൽ സഹകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

