കോംഗോയിൽ കോൾട്ടാൻ ഖനി തകർന്ന് 200ലധികം തൊഴിലാളികൾ കൊല്ലപ്പെട്ടു
text_fieldsകോംഗോ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കോൾട്ടാൻ ഖനി തകർന്ന് 200ലധികം പേർ മരിച്ചതായി ഖനി സ്ഥിതി ചെയ്യുന്ന റുബാബ പ്രവിശ്യയുടെ വിമതർ നിയമിച്ച ഗവർണറുടെ വക്താവ് ലുമുംബ കാംബെരെ മുയിസ പറഞ്ഞു.
ലോകത്തിലെ കോർട്ടാനിന്റെ ഏകദേശം 15 ശതമാനവും ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്‌റോസ്‌പേസ് ഘടകങ്ങൾ, ഗ്യാസ് ടർബൈനുകൾ എന്നിവയുടെ നിർമാണങ്ങൾക്ക് ഉയർന്ന ഡിമാൻഡുള്ള ഒരു ലോഹമാണ് കോൾട്ടാൻ.
ഒരു ദിവസം ഏതാനും ഡോളറിനായി നാട്ടുകാർ സ്വമേധയാ കുഴിക്കുന്ന സ്ഥലം 2024 മുതൽ എം 23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ കൃത്യമായ മരണസംഖ്യ ഇപ്പോഴും വ്യക്തമല്ല.
നിലവിൽ 200ലധികം പേർ മരിച്ചു. അവരിൽ ചിലർ ഇപ്പോഴും അതിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ അവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല’ -മുയിസ പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റതായും റുബായ പട്ടണത്തിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമതർ നിയമിച്ച നോർത്ത് കിവു ഗവർണർ സ്ഥലത്തെ കരകൗശല ഖനനം താൽക്കാലികമായി നിർത്തിവെക്കുകയും ഖനിക്ക് സമീപം ഷെൽട്ടറുകൾ നിർമിച്ച് താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തതായി മുയിസ പറഞ്ഞു. കനത്ത മഴയെ തുടർന്നാണ് ഖനിയിൽ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരീകരിച്ച മരണസംഖ്യ കുറഞ്ഞത് 227 ആണെന്ന് ഗവർണറുടെ ഉപദേഷ്ടാവ് പറഞ്ഞു.
അയൽരാജ്യമായ റുവാണ്ട സർക്കാരിന്റെ പിന്തുണയോടെ, കലാപത്തിന് ധനസഹായം നൽകുന്നതിനായി ‘എ23’ എന്ന വിമത സംഘം റുബായയുടെ സമ്പത്ത് കൊള്ളയടിച്ചതായി യു.എൻ പറയുന്നു. കിൻഷാസയിലെ സർക്കാറിനെ അട്ടിമറിക്കുകയും കോംഗോയിലെ ടുട്‌സി ന്യൂനപക്ഷത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ വൻതോതിൽ ആയുധ ധാരികളായ വിമതർ കഴിഞ്ഞ വർഷം മിന്നൽ ആക്രമണത്തിലൂടെ കിഴക്കൻ കോംഗോയിലെ കൂടുതൽ ധാതു സമ്പന്നമായ പ്രദേശം പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

