സിവിലിയന്മാരുടെ കൊല: ക്ഷമാപണവുമായി കൊളംബിയ
text_fieldsകൊളംബിയ: ആഭ്യന്തരയുദ്ധം രൂക്ഷമായകാലത്ത് സൈന്യം 19 സിവിലിയന്മാരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ കൊളംബിയ സർക്കാർ പരസ്യമായി ക്ഷമാപണം നടത്തി. ആഭ്യന്തരയുദ്ധം രൂക്ഷമായകാലത്ത് നിരപരാധികളെ കൊന്ന് ഇവരെ വിമതപോരാളികളായി സൈന്യം ചിത്രീകരിക്കുകയായിരുന്നു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് ഇരകളുടെ ബന്ധുക്കൾ പങ്കെടുത്ത പരിപാടിയിൽ പ്രതിരോധ മന്ത്രി ഇവാൻ വെലാസ്ക്വസ് പറഞ്ഞു. ലോകത്തിന് മുന്നിൽ ഞങ്ങളെ ലജ്ജിപ്പിക്കുന്ന ഈ കുറ്റകൃത്യങ്ങൾക്ക് ക്ഷമചോദിക്കുന്നു -അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി തുടരുന്ന സായുധകലാപത്തിന് ഇരകളായ സമൂഹങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനും പോരാടുന്ന വിമത ഗ്രൂപ്പുകളുമായി സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർനടപടി. സൈന്യം വിമത സായുധസേനക്കെതിരായ പ്രചാരണം ശക്തമാക്കിയ 2004നും 2008നും ഇടയിലാണ് കൊലപാതകങ്ങൾ നടന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കൊണ്ടുപോയ ദരിദ്രയുവാക്കളെയാണ് സൈന്യം കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹങ്ങൾക്ക് സമീപം ആയുധങ്ങൾവെച്ച് വിമതരാണെന്ന് ചിത്രീകരിക്കുകയായിരുന്നു. സ്ഥാനക്കയറ്റത്തിനും അവധിക്കും വേണ്ടിയാണ് സൈനികർ കൊലപാതകങ്ങൾ നടത്തിയത്.
2016ൽ സർക്കാറും രാജ്യത്തെ ഏറ്റവും വലിയ വിമത ഗ്രൂപ്പും തമ്മിൽ സമാധാനക്കരാറിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

