കൊളംബിയയിൽ വിമാനം തകർന്നുവീണു; ജനപ്രതിനിധിയടക്കം 15 പേർക്ക് ദാരുണാന്ത്യം
text_fieldsതകർന്നുവീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ (ഇൻസെറ്റിൽ മരിച്ച ഡയോജെനസ് ക്വിന്ററോ)
ഒകാന: വടക്കുകിഴക്കൻ കൊളംബിയയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. വെനസ്വേല അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണത്. കൊളംബിയൻ നിയമസഭാംഗമായ ഡയോജെനസ് ക്വിന്ററോ, അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫ്, മാർച്ചിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന കാർലോസ് സൽസെഡോ എന്നിവരുൾപ്പെടെയാണ് മരിച്ചത്. കൊളംബിയൻ സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ സറ്റേനയും വ്യോമയാന അധികൃതരും അപകടം സ്ഥിരീകരിച്ചു. 13 യാത്രികരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊളംബിയയുടെ അതിർത്തി നഗരമായ കുകൂട്ടയിൽനിന്ന് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11.42ന് പുറപ്പെട്ട വിമാനം ഉച്ചയോയെ സമീപത്തെ ഒകാനയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, ലാൻഡിങ്ങിന് മുൻപായി ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കുകൂട്ട പ്രദേശം വനനിബിഡമാണ്. ഇവിടെ കാലാവസ്ഥ അതിവേഗം മാറുകയും ചെയ്യും. കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ല വിഭാഗമായ നാഷണൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്.
വെനിസ്വേലൻ അതിർത്തിയോട് ചേർന്നുള്ള ദുർഘടമായ കാറ്ററ്റുംബോ മലനിരകളിൽ നടത്തിയ തിരച്ചിലിനൊടുവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൊളംബിയൻ സിവിൽ ഏവിയേഷൻ ഏജൻസി സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

