ഹോർമുസ് അടച്ചാൽ ഇറാൻ ചെയ്തതിൽവെച്ച് ഏറ്റവും വലിയ തെറ്റാവും; ചൈന ഇറാനെ പിന്തിരിപ്പിക്കണമെന്നും യു.എസ്
text_fieldsവാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാതിരിക്കാൻ ഇറാനെ പ്രേരിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ആഗോള എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനം ഒഴുകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നടപടി ഇറാൻ പാർലമെന്റ് അംഗീകരിച്ചതായി ഇറാന്റെ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഫോക്സ് ന്യൂസിന്റെ ‘സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സ് വിത്ത് മരിയ ബാർട്ടിറോമോ’ എന്ന പരിപാടിയിൽ റൂബിയോയുടെ പ്രസ്താവന.
‘ചൈനീസ് സർക്കാറിനോട് അവരോട് അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ പറയുന്നു. കാരണം അവർ എണ്ണക്കായി ഹോർമുസ് കടലിടുക്കിനെ വളരെയധികം ആശ്രയിക്കുന്നു’ -ദേശീയ സുരക്ഷാ ഉപദേഷ്ടാവുകൂടിയായ റൂബിയോ പറഞ്ഞു.
‘ഇറാൻ അങ്ങനെ ചെയ്താൽ അത് മറ്റൊരു വലിയ തെറ്റായിരിക്കും. അത് അവർക്ക് സാമ്പത്തിക ആത്മഹത്യയായിരിക്കും. അങ്ങനെ സംഭവിച്ചാൽ അത് കൈകാര്യം ചെയ്യാനുള്ള വഴികൾ ഞങ്ങൾ നിലനിർത്തിയിട്ടുണ്ട്. പക്ഷേ, മറ്റ് രാജ്യങ്ങളും അത് പരിഗണിക്കണം. കാരണം അത് മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ നമ്മുടേതിനേക്കാൾ വളരെയധികം ദോഷകരമായി ബാധിക്കും. കടലിടുക്ക് അടച്ചുപൂട്ടാനുള്ള നീക്കം അമേരിക്കയിൽ നിന്നും മറ്റുള്ളവരിൽ നിന്നും പ്രതികരണം അർഹിക്കുന്ന ഒരു വലിയ സംഘർഷമായിരിക്കുമെന്നും’ റൂബിയോ കൂട്ടിച്ചേർത്തു.
എന്നാൽ, വാഷിങ്ടണിലെ ചൈനീസ് എംബസി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 14 ബങ്കർ-ബസ്റ്റർ ബോംബുകളും രണ്ട് ഡസനിലധികം ടോമാഹോക്ക് മിസൈലുകളും 125-ലധികം സൈനിക വിമാനങ്ങളും ഉപയോഗിച്ച് ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചതായി യു.എസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തീവ്രതയെ ഇത് അടയാളപ്പെടുത്തുന്നു.
ഇതെത്തുടർന്ന് സ്വയം പ്രതിരോധിക്കുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തു. ഈ തീരുമാനത്തിനെതിരെയാണ് റൂബിയോ ഞായറാഴ്ച മുന്നറിയിപ്പ് നൽകിയത്. അത്തരമൊരു നടപടി അവർ ഇതുവരെ ചെയ്തിട്ടില്ലാത്ത ഏറ്റവും മോശമായ തെറ്റ് ആയിരിക്കുമെന്ന് പറഞ്ഞു. ഇറാനുമായി ചർച്ച നടത്താൻ യു.എസ് തയ്യാറാണെന്നും റൂബിയോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

