ഗസ്സ ഉപരോധം ലംഘിക്കാൻ ‘മഡ്‍ലീൻ’ പുറപ്പെടുന്നു; സഹായ കപ്പലിൽ ഗ്രെറ്റ തുംബർഗും ഗെയിം ഓഫ് ത്രോൺ നടൻ ലിയാം കണ്ണിങ്ഹാമും
text_fieldsഗസ്സ സിറ്റി: മാസങ്ങൾ നീണ്ട ഇസ്രായേൽ ഉപരോധം ലംഘിക്കാൻ ലക്ഷ്യമിട്ട് ഫ്രീഡം േഫ്ലാട്ടില്ല സംഘത്തിന്റെ രണ്ടാം കപ്പൽ. ഗസ്സയിലേക്ക് നീങ്ങാനൊരുങ്ങുന്ന സഹായ സംഘത്തിൽ കണ്ണി ചേർന്ന് പ്രശസ്ത കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുംബർഗും വിഖ്യാത ഫാന്റസി സീരീസ് ആയ ഗെയിം ഓഫ് ത്രോണിലെ നടൻ ലിയാം കണ്ണിങ്ഹാമും.
സഹായ വ്യൂഹത്തിലെ രണ്ടാമത്തെ കപ്പലായ ‘മഡ്‍ലീൻ’ കപ്പലിലാണ് ഇരുവരും ഉൾപ്പെടുക. ഇവർക്ക് പുറമെ യൂറോപ്യൻ പാർലമെന്റംഗം റിമാ ഹസൻ, ഫലസ്തീൻ അമേരിക്കൻ അഭിഭാഷകയായ ഹുവൈദ അർറാഫ് തുടങ്ങിയവരും ഇതിൽ ഉണ്ടാവും. ഞായറാഴ്ച ചരക്കുകളുമായി കറ്റാണിയയിൽ നിന്ന് കപ്പൽ പുറപ്പെടും.
ഫ്രീഡം േഫ്ലാട്ടില്ലയുടെ ഭാഗമായി നേരത്തെ പുറപ്പെട്ട ‘കൺസൈൻസ്’ എന്ന കപ്പൽ മാൾട്ടയുടെ തീരത്ത് അന്താരാഷ്ട്ര സമുദ്രാർതിർത്തിയിൽവെച്ച് ഡ്രോൺ ആക്രമണത്തിനിരയായിരുന്നു. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് എഫ്.സി.സി ആരോപിച്ചു.
ഗസ്സയിലേക്ക് ആവശ്യമായ സഹായം എത്തിച്ച് ഉപരോധം ലംഘിക്കുക എന്നതും ലോകത്തിനു മുന്നിൽ ഇസ്രായേലിന്റെ ക്രൂരതയെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നതും ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നും യൂറോപ്യൻ പാർലമെന്റംഗം റിമാ ഹസൻ പറഞ്ഞു.
മൂന്ന് മാസത്തോളമായി ഭക്ഷണവും മരുന്നും കടത്തിവിടാതെ ഇസ്രായേൽ ഗസ്സാ ഉപരോധം തുടങ്ങിയിട്ട്. സമ്മർദങ്ങൾക്കൊടുവിൽ വളരെ കുറഞ്ഞ അളവ് ഭക്ഷണം മാത്രമേ കടത്തിവിടുന്നുള്ളു. ഭക്ഷണ വിതരണ കേന്ദ്രത്തിനു നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണവും പുറത്തുവന്നു.
ആയിരക്കണക്കിനു പേർ ഭക്ഷണത്തിനായി എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും ചുരുങ്ങിയത് മൂന്നു പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ ക്ഷാമത്തിന്റെ ഏറ്റവും കൊടിയ അവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും രോഗവും മരണവും ഗസ്സയെ വരിഞ്ഞു മുറുക്കുന്നതിനിടെയാണ് ഉപരോധം ലംഘിക്കാൻ ഫ്രീഡം േഫ്ലാട്ടില്ല സംഘം എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

