യു.കെയിൽ ലക്ഷം പേരുടെ കുടിയേറ്റ വിരുദ്ധ റാലി; ഈ വർഷം ഇതുവരെ 28,000ലേറെ പേരാണ് രാജ്യത്തെത്തിയത്
text_fieldsയു.കെ കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞപ്പോൾ
ലണ്ടൻ: യു.എസിൽ കിർക്കിന്റെ വധം തീർക്കുന്ന അലയൊലികൾക്കിടെ, ബ്രിട്ടനെ പിടിച്ചുകുലുക്കി ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി. ‘യുനൈറ്റ് ദ കിങ്ഡം’ മാർച്ചിൽ ലക്ഷത്തിലേറെ പേർ പങ്കെടുത്തതായി ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് അറിയിച്ചു.
കുടിയേറ്റ വിരുദ്ധ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ മാർച്ചിൽ പങ്കെടുത്തു. ‘യുനൈറ്റ് ദ കിങ്ഡം’ മാർച്ചിനിടെ പൊലീസിനു നേരെ ആക്രമണം നടന്നു. 26 ഓഫിസർമാർക്ക് പരിക്കേറ്റു. 25 പേരെ അറസ്റ്റ് ചെയ്തു. ബ്രിട്ടന്റെയും അമേരിക്കയുടെയും കൊടികൾക്കൊപ്പം പ്രതിഷേധക്കാരിൽ ചിലർ ഇസ്രായേൽ കൊടിയും വഹിച്ചു. ചിലർ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തൊപ്പി അണിഞ്ഞതും ശ്രദ്ധിക്കപ്പെട്ടു.
അതിനിടെ, റാലിക്ക് വിഡിയോ സന്ദേശമയച്ച അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക് ബ്രിട്ടനിൽ ഭരണമാറ്റം ആവശ്യപ്പെട്ടു. അതേ സമയം, ബ്രിട്ടനിൽ കടുത്ത കുടിയേറ്റ വിരുദ്ധ നയം സ്വീകരിക്കുന്ന റിഫോം യു.കെ പാർട്ടി റാലിയുടെ ഭാഗമായില്ല. നഗരത്തിലുടനീളം 1,600ലേറെ പൊലീസുകാരെയാണ് അധികൃതർ വിന്യസിച്ചിരുന്നത്.
റാലിക്കെതിരെ ലണ്ടനിൽ തന്നെ വംശീയ വിരുദ്ധ റാലിയും നടന്നു. ബ്രിട്ടനിൽ കുടിയേറ്റം വലിയ രാഷ്ട്രീയ വിഷയമായി ഉയർന്നുവരികയാണ്. ഈ വർഷം ഇതുവരെ 28,000 ലേറെ അഭയാർഥികളാണ് രാജ്യത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

