'ബ്ലൂ വേവ്' തരംഗത്തിൽ സിനിമാ ലോകവും; ട്രംപിന്റെ തോൽവിയിൽ ഹോളിവുഡിനും പുതിയ മുഖം? മസ്‌കിന് പ്രഹരം
text_fieldsലോസ് ആഞ്ചലസ്: യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ വൻ വിജയം അമേരിക്കൻ രാഷ്ട്രീയത്തെ മാത്രമല്ല, ഹോളിവുഡ് സിനിമാ-വിനോദ മേഖലയിലും വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണനയങ്ങളെ തള്ളിപ്പറഞ്ഞ ജനവിധി ഹോളിവുഡിന്റെ ഭാവി നയങ്ങളെയും സിനിമകളുടെയും മാധ്യമങ്ങളുടെയും ഉള്ളടക്കത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുകളാണിപ്പോൾ ചർച്ചയാകുന്നത്.
ഫിലിം നിർമ്മാണത്തിനുള്ള സാമ്പത്തിക നികുതി ഇളവ് അഥവാ ഫെഡറൽ ഫിലിം ടാക്സ് ക്രെഡിറ്റ് ബില്ലിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. ലേബർ ചെലവുകൾക്ക് 20 ശതമാനം നികുതി ഇളവ് നൽകുന്ന ബില്ലിനായി ഇരു പാർട്ടികളിലെയും പ്രമുഖ നേതാക്കൾ മുൻകൈ എടുത്തിരുന്നു. ഇതിന് നേതൃത്വം നൽകിയ ജനപ്രതിനിധികൾ വിജയിച്ച് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും, പുതിയ ഡെമോക്രാറ്റിക് കോൺഗ്രസിന് കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകൾ മാറുമ്പോൾ ഈ നികുതി ഇളവ് എത്രത്തോളം യാഥാർഥ്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയായിട്ടില്ല.
ദീർഘകാലമായി റിപ്പബ്ലിക്കൻ ആധിപത്യം നിലനിന്നിരുന്ന ടെക്സസിൽ വർഷങ്ങൾക്ക് ശേഷം ഒരു ഡെമോക്രാറ്റ് സെനറ്ററും ഗവർണറും വിജയിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ കേവലം റിപ്പബ്ലിക്കൻ രാഷ്ട്രീയം മാത്രമല്ല ടെക്സസിലുള്ളതെന്ന് വർഷങ്ങൾക്ക് മുൻപേ തങ്ങളുടെ സിനിമകളിലൂടെയും സംഗീതത്തിലൂടെയും പ്രതികരിച്ച് ഹോളിവുഡ് കലാകാരന്മാർ തുറന്നുകാട്ടിയിരുന്നുവെന്ന് ലോകം തിരിച്ചറിയുന്നു.
അതുപോലെ, തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് മാധ്യമങ്ങൾക്ക് നേരെ ട്രംപിന്റെ ഭാഗത്തുനിന്നും കടുത്ത വിമർശനങ്ങൾ ഉണ്ടാകാമെങ്കിലും മുൻപത്തെപ്പോലെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്താൻ ഇനി ട്രംപ് ഭരണകൂടത്തിന് എളുപ്പമാകില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ എഫ്.സി.സി (FCC) പോലുള്ള ഏജൻസികളെ ഉപയോഗിച്ച് മാധ്യമസ്ഥാപനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള ട്രംപിന്റെ ശേഷി പകുതിയായി കുറയും.
വിനോദ വ്യവസായ മേഖലയിലെ വൻകിട നിർമ്മാതാവായ ഡേവിഡ് എലിസണിന്റെ യഥാർത്ഥ രാഷ്ട്രീയം വരും ദിവസങ്ങളിൽ വെളിപ്പെടും. വാർണർ ബ്രദേഴ്സിന്റെയും പാരാമൗണ്ടിന്റെയും തലപ്പത്തുള്ള എലിസൺ ട്രംപ് അനുകൂലിയാണോ അതോ പ്രായോഗിക രാഷ്ട്രീയം കളിക്കുന്ന ആളാണോ എന്നത് വ്യക്തമാകും. ഡെമോക്രാറ്റിക് കോൺഗ്രസ് വരുന്നതോടെ ഇലോൺ മസ്‌കിനെ വിമർശിക്കുന്ന എച്ച്.ബി.ഒ ഡോക്യുമെന്ററി പുറത്തിറക്കുന്നതുൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ അതിന് തെളിവുകളാകും.
മറ്റൊരു പ്രധാന കാര്യം, തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രചാരണങ്ങൾക്കായി അര ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടും പാർട്ടി പരാജയപ്പെട്ടതോടെ വ്യവസായി ഇലോൺ മസ്‌കിന്റെ രാഷ്ട്രീയ സ്വാധീന ശക്തിക്ക് വലിയ മങ്ങലേറ്റുവെന്നതാണ്. സിനിമ, മാധ്യമ ലോകത്ത് മസ്‌കിന്റെ ഭീഷണി നിലനിന്നിരുന്ന കാലം ഇതോടെ അവസാനിക്കുകയാണ്. കൂടാതെ, പാരാമൗണ്ട്-വാർണർ ബ്രദേഴ്സ് ലയന വിഷയത്തിൽ കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്റയും സംഘവും തിടുക്കപ്പെട്ട് എലിസണുമായി ഒത്തുതീർപ്പിലെത്തിയത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

