ചിക്കാഗോ: ലോകത്തെ ചോക്ലേറ്റ് ഉൽപാദന മേഖലയിൽ വൻതോതിൽ ബാലവേല നടക്കുന്നതായി പുതിയ പഠനം. ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ 1.5മില്യൺ കുട്ടികൾ ഇൗ രംഗത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇതിൽ അഞ്ചു വയസ് മാത്രം പ്രായമുള്ള കുട്ടികൾ വരെ ഉൾപെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ലോകത്തിൽ ഏറ്റവും കൂടുതൽ കൊകൊ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഘാനയും െഎവറി കോസ്റ്റും. ഇൗ രാജ്യങ്ങളിൽ അഞ്ച് വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ കൊകൊ ശേഖരണവും സംസ്കരണവും മറ്റ് കഠിനമായ വിവിധ ജോലികളും ചെയ്തുവരുന്നുണ്ട്. മുമ്പ് ബാലവേല ചോക്ലേറ്റ് ഉൽപാദന രംഗത്തുനിന്ന് തുടച്ചു നീക്കണമെന്ന് അന്താരാഷ്ട്ര കമ്പനികൾ വരെ വാദിച്ചിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമായിട്ടില്ല എന്നതിലേക്കാണ് ഇൗ പഠനം വിരൽ ചൂണ്ടുന്നത്.
1.5 മില്യൺ കുട്ടികളിൽ പകുതിയും ഘാന, െഎവറി കോസ്റ്റ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണെന്നാണ് കണ്ടെത്തൽ. ഇവിടെ കുട്ടികൾ മാരകായുധങ്ങളുമായും ശരീരത്തിനെ ദോഷകരമായി ബാധിക്കുന്ന രാസ മാലിന്യങ്ങളുമായുമെല്ലാം ദീർഘ സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കാലയളവിൽ ലോകത്ത് 14 ശതമാനമായി ബാലവേലയുടെ കണക്ക് ഉയർന്നപ്പോൾ, കോകോ ഉൽപാദന രംഗത്ത് മാത്രം ഇത് 62 ശതമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.