അഞ്ചുവർഷമായി രോഗാവസ്ഥയിൽ കഴിയുന്ന മരുമകളെ പൊന്നുപോലെ നോക്കുന്ന ഒരു അമ്മായിയമ്മ; ചികിത്സക്കായി കടംവാങ്ങിയത് 140,000 ഡോളർ
text_fieldsബെയ്ജിങ്: അഞ്ചുവർഷമായി രോഗാവസ്ഥയിൽ കഴിയുന്ന മരുമകളെ ചികിത്സിക്കാൻ മധ്യ ചൈനയിലെ ഒരു സ്ത്രീ കടം വാങ്ങിയത് ഒരു മില്യൺ യുവാൻ (140,000 യുഎസ് ഡോളർ). ഈ വാർത്ത പുറത്തുവന്നതോടെ നിരവധിയാളുകളാണ് അമ്മയെ അഭിനന്ദിച്ച് രംഗത്തുവന്നത്. 2020 ജൂൺ 25നാണ് റോഡപകടത്തിൽ യുവാൻ യുവാന് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ അവളെ പരിചരിക്കുകയാണ് ലിയു ഷെനിയാൻ. ഹെനാൻ പ്രവിശ്യയിലെ സിൻക്സിയാങ്ങിലാണ് ഇവർ താമസിക്കുന്നത്.
യുവാന് തലക്കും മുഖത്തിനും കൈകൾക്കും പെൽവിസിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ശരീരത്തിൽ നിരവധി ഒടിവുകളും സംഭവിച്ചു. അതോടെ അവൾ കോമയിലാവുകയും ചെയ്തു. നാലുവർഷത്തിനു ശേഷം ബോധം വീണ്ടെടുത്തു. എന്നാൽ വായ തുറക്കാനോ മറിഞ്ഞു കിടക്കാനോ വസ്ത്രം ധരിക്കാനോ സാധിക്കില്ല.
ആദ്യ വർഷത്തിൽ ആശുപത്രി മുറിയിൽ ലിയു യുവാന്റെ അരികിൽ ഒരു ചെറിയ കട്ടിലിലായിരുന്നു കിടന്നിരുന്നത്. മറ്റ് രോഗികൾ ലിയു യുവാന്റെ അമ്മയാണെന്നു തന്നെ കരുതി. ഭക്ഷണം ലിയു അവളുടെ സൂക്ഷ്മമായി അവളുടെ വായിൽ വെച്ചു കൊടുക്കും. പതിവായി കുളിപ്പിക്കും. ഇങ്ങനെ അഞ്ചുവർഷമായി മരുമകളെ പരിചരിക്കുകയാണ് ആ അമ്മായിഅമ്മ. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചപ്പോൾ യുവാനെ രക്ഷിക്കാൻ ഒരു ശതമാനം സാധ്യത മാത്രമാണ് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിലേക്ക് ഓടിയെത്തിയപ്പോൾ യുവാൻ അവരെ അമ്മ എന്ന് വിളിച്ചു. അതോടെ അവർ ഉറപ്പിച്ചു. എത്ര കഷ്ടപ്പെട്ടായാലും മരുമകളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്ന്.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ പ്രണയത്തിലായതാണ് ലിയുവിന്റെ മകനും യുവാൻ യുവാദും. 15 വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ടുകുട്ടികളുമുണ്ട്.
മെഡിക്കൽ ബില്ലുകൾ അടക്കാനായി വലിയ തുകകൾ കടം വാങ്ങുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് ലിയു പറഞ്ഞു. ''ഞങ്ങൾക്ക് വായ്പ ലഭിക്കാത്ത ചില സമയങ്ങളിൽ എന്റെ മരുമകൾക്ക് പകരം ഞാൻ കിടക്കയിൽ കിടക്കുന്നത് നല്ലതായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ മകനും ഭാര്യയും അവരുടെ രണ്ട് കുട്ടികളും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു''- അവർ പറഞ്ഞു. തന്റെ പേരക്കുട്ടികൾക്ക് ഒരു രണ്ടാനമ്മ ഉണ്ടാകുന്നതും അവർ ഇഷ്ടപ്പെട്ടിരുന്നില്ല. യുവാൻ എപ്പോഴും തന്നെ ഒരു അമ്മയെ പോലെയാണ് പരിചരിച്ചിരുന്നതെന്നും ലിയു പറയുന്നു. തന്റെ അമ്മായിഅമ്മയും സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും അവർ ഓർക്കുന്നു. മരുമകളുടെ ഊന്നുവടിയായാണ് ഇപ്പോൾ താൻ പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. അവൾ പൂർണ സുഖം പ്രാപിക്കുന്നതു വരെ പരിചരിക്കുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

