അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസുകളെ കടത്താൻ ശ്രമം; രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് എഫ്.ബി.ഐ
text_fieldsഫ്യൂസേറിയം ഗ്രാമിനീറം
വാഷിങ്ടൺ: അമേരിക്കയിലേക്ക് അപകടകാരിയായ ഫംഗസുകളെ നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ). ചൈനീസ് പൗരന്മാരായ മിഷിഗൺ സർവകലാശായിലെ ഗവേഷണ വിഭാഗം ജീവനക്കാരിയായ യുങിങ് ജിയാനും (33), ആൺസുഹൃത്ത് സുൻയോങ് ലിയുവും ചേർന്നാണ് ഫംഗസുകളെ കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
ഫ്യൂസേറിയം ഗ്രാമിനാരം എന്ന ഗോതമ്പ്, ബാർലി, ചോളം, അരി എന്നീ കാർഷിക വിളകളെ ബാധിക്കുന്ന ഈ ഫംഗസ് കന്നുകാലികളിലും മനുഷ്യരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കൂടി വഴിവെക്കും. ആഗോളതലത്തിൽ കോടിക്കണക്കിന് ഡോളറിന്റെ വിളനാശത്തിന് കാരണമായിട്ടുള്ളതാണ് ഈ ഫംഗസ്. ബയോളജിക്കൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ളതായി ഇതിനെ വർഗ്ഗീകരിച്ചിട്ടുള്ളതാണെന്നും യു.എസ് വ്യക്തമാക്കി.
ഗവേഷണ ആവശ്യത്തിന് വേണ്ടിയാണ് ഫംഗസിനെ ഇവർ അമേരിക്കയിലേക്ക് കൊണ്ടുവന്നത് എന്നാണ് എഫ്.ബി.ഐ പുറത്തുവിട്ട വിവരം. ആഗോള ഭക്ഷ്യസുരക്ഷക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ അപകടസാധ്യത ഉയർത്തുന്ന ഫംഗസാണിതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അറസ്റ്റ് ചെയ്യപ്പെട്ട യുങിങ് ജിയാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയാണ് എന്നതിനും ഈ ഫംഗസ് ഉൾപ്പെട്ടിട്ടുള്ള ഗവേഷണത്തിനായി ചൈനീസ് സർക്കാരിൽ നിന്ന് പണം ലഭിച്ചതിനും തെളിവുകളുണ്ടെന്നും എഫ്.ബി.ഐ മേധാവി കാഷ് പട്ടേൽ പറഞ്ഞു. ഇവർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ആൺസുഹൃത്ത് ഒരു ചൈനീസ് സർവകലാശായിൽ ഇതേ ഫംഗസ് ഉപയോഗിച്ചുകൊണ്ട് ഗവേഷണം നടത്തുന്നു. ഗൂഢാലോചന, അമേരിക്കയിലേക്ക് കള്ളക്കടത്ത്, തെറ്റായ വിവരങ്ങൾ നൽകൽ എന്നതടക്കമുള്ള നിരവധി വകുപ്പുകളാണ് ഇരുവർക്കും എതിരെ ചുമത്തിയിരിക്കുന്നത്.
ജിയാനും ലിയുവും നിലവിൽ എഫ്.ബി.ഐ കസ്റ്റഡിയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റം തെളിഞ്ഞാൽ ഇരുവർക്കും ജയിൽ ശിക്ഷയും അമേരിക്കയിൽ നിന്ന് നാടുകടത്തലും നേരിടേണ്ടിവരുമെന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഫ്യൂസേറിയം ഗ്രാമിനീറം
സസ്യങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസാണ് ഫ്യൂസേറിയം ഗ്രാമിനീറം. ഇത് ഗോതമ്പ്, ബാർലി, ചോളം, നെല്ല് തുടങ്ങിയ ധാന്യവിളകളിൽ 'ഹെഡ് ബ്ലൈറ്റ്' എന്ന രോഗത്തിന് കാരണമാകുന്നു. ഈ രോഗം വിളകളെ നശിപ്പിക്കുന്നു. ഈ രോഗം പൂർണമായി പ്രതിരോധിക്കാൻ കഴിയുന്ന മരുന്ന് നിലവിൽ കണ്ടുപിടിച്ചിട്ടില്ല.
ഫ്യൂസേറിയം ഗ്രാമിനീറം ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കൾ മനുഷ്യരിലും കന്നുകാലികളിലും ഛർദ്ദി, കരൾ രോഗങ്ങൾ, പ്രത്യുത്പാദന വൈകല്യങ്ങൾ എന്നിവക്ക് കാരണമാകുന്നു. ഇതിനെ ജൈവായുധമായാണ് കണക്കാക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

