മകന്‍റെ പേരിനൊപ്പം ആരുടെ പേര് ചേർക്കും? മാതാപിതാക്കൾ തമ്മിൽ തർക്കം, ഒടുവിൽ വിവാഹമോചനം
text_fieldsവിവാഹമോചനം ഇക്കാലത്ത് ഒരു സാധാരണ സംഭവമായി മാറുകയാണ്. ദമ്പതികൾ പല വിഷയങ്ങളിൽ പരസ്പരം ഒത്തുപോകാനാകാതെ വിവാഹമോചനത്തിലെത്താറുണ്ട്. അവയിൽ ചിലതൊക്കെ നിസ്സാര കാരണങ്ങളായിരിക്കാം. ചിലത് കേൾക്കുമ്പോൾ മറ്റുള്ളവർക്ക് കൗതുകവും തോന്നിയേക്കാം.
അത്തരത്തിലൊരു വിവാഹമോചനമാണ് ചൈനയിലെ ഷാങ്ഹായിൽ നടന്നത്. മകന്‍റെ പേരിനെ ചൊല്ലിയുള്ള തർക്കമാണ് വിവാഹമോചനത്തിലെത്തിയത്. ഷാങ്ഹായിയിലെ ദമ്പതികളായ ഷവോയ്ക്കും ജിയ്ക്കും 2019ൽ പെൺകുഞ്ഞ് പിറന്നിരുന്നു. അന്ന് മകന്‍റെ പേരിനൊപ്പം പിതാവായ ഷവോയുടെ പേരാണ് പേരിന്‍റെ രണ്ടാംഭാഗമായി ചേർത്തത്. 2021ൽ ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു. മകന്‍റെ പേരിനൊപ്പം ഇത്തവണ തന്‍റെ പേര് ചേർക്കണമെന്ന് അമ്മയായ ജി ആവശ്യപ്പെട്ടു.
എന്നാൽ, മകന്‍റെ പേരിനൊപ്പവും തന്‍റെ പേര് തന്നെ വേണമെന്നായിരുന്നു ഷവോയുടെ താൽപര്യം. ഇതോടെ, ഇരുവർക്കുമിടയിൽ വലിയ തർക്കമുണ്ടാവുകയും വേർപിരിഞ്ഞ് താമസിക്കുകയും ചെയ്തു. ഒടുവിൽ തർക്കം വിവാഹമോചനത്തിലെത്തിയെന്നും സൗത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ദമ്പതികൾ വേർപിരിഞ്ഞ ശേഷം രണ്ട് കുട്ടികളും അമ്മയായ ജിയോടൊപ്പമായിരുന്നു താമസിച്ചത്. മകളെ തന്‍റെയൊപ്പം വിടണമെന്ന് ഷവോ ആവശ്യപ്പെട്ടിട്ടും ജി സമ്മതിച്ചില്ല. ഇതോടെ, കേസ് വീണ്ടും കോടതിയിലെത്തി. അമ്മയാണ് കുട്ടികളുടെ പ്രാഥമിക രക്ഷാകർത്താവ് എന്ന് നിരീക്ഷിച്ച കോടതി കുട്ടികൾ ജിയോടൊപ്പം തന്നെ കഴിയട്ടെയെന്നാണ് വിധിച്ചത്. കുട്ടികളുടെ ക്ഷേമം മുൻനിർത്തിയാണ് അമ്മക്കൊപ്പം വിട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ വിധിക്കെതിരെ ഷവോ മേൽക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ, മേൽക്കോടതി ഈ വിധി അംഗീകരിക്കുകയാണ് ചെയ്തത്. കുട്ടികൾക്ക് 18 വയസ് തികയും വരെ ഷവോ സാമ്പത്തിക സഹായം നൽകണമെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്.
സമാനമായ മറ്റൊരു സംഭവം കൂടി ചൈനയിലുണ്ടായതായി സൗത് ചൈന മോണിങ് പോസ്റ്റിന്‍റെ റിപ്പോർട്ടിൽ പറയുന്നു. മകന്‍റെ പേരിനൊച്ചൊല്ലി ദമ്പതികൾ വിവാഹമോചനത്തിന്‍റെ വക്കിലാണെന്നാണ് റിപ്പോർട്ട്. സിയാൻജിയ എന്ന യുവതിയാണ് പരാതിക്കാരി. കുഞ്ഞ് ആണായാലും പെണ്ണായാലും പേരിനൊപ്പം തന്‍റെ പേര് നൽകാമെന്ന് വിവാഹത്തിന് മുമ്പേ ധാരണയായിരുന്നതായി ഇവർ പറയുന്നു. എന്നാൽ, ഇവർക്ക് മകൻ ഉണ്ടായ ശേഷം പേര് മാറ്റാൻ ഭർത്താവ് നിരന്തരം നിർബന്ധിച്ചു. പാരമ്പര്യമായി പിതാവിന്‍റെ പേരാണ് മക്കളുടെ പേരിനൊപ്പം ചേർക്കുകയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സിയാൻജിയ അറിഞ്ഞത് ഭർത്താവും അമ്മയും ചേർന്ന് കുഞ്ഞിന്‍റെ പേര് മാറ്റിയെന്നാണ്. പുതിയ പേരാണ് ഇവർ വിളിച്ചുകൊണ്ടിരുന്നത്. തുടർന്ന് തർക്കം രൂക്ഷമാവുകയും സിയാൻജിയ വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

