സന്തോഷമില്ലേ? എങ്കിൽ ജോലിക്കു വരേണ്ട; ജീവനക്കാർക്ക് 10 ദിവസത്തെ 'അൺഹാപ്പി ലീവ്' അനുവദിച്ച് ചൈനീസ് കമ്പനി
text_fieldsബെയ്ജിങ്: ജോലിക്ക് പോകാൻ താൽപര്യമില്ലാതെ വീട്ടിലിരിക്കാൻ ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. എന്നാൽ ലീവ് കിട്ടുമോ എന്ന് വിളിച്ചുചോദിച്ചാൽ ബോസിന്റെ വഴക്കായിരിക്കും കേൾക്കേണ്ടി വരിക. അതോർത്ത് പലരും അവധിയെന്ന ചിന്തപോലും മാറ്റിവെച്ച് പാതി മനസോടെ ജോലിക്കെത്തുകയാണ് പതിവ്. എന്നാൽ ജീവനക്കാരെ സന്തോഷിപ്പിക്കാനായി അങ്ങനെയൊരു ലീവ് അനുവദിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി.
ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ചൈനയിലെ റീട്ടെയിൽ വ്യവസായി ജീവനക്കാർക്കായി 'അൺഹാപ്പി അവധി' എന്ന പുതിയ ആശയം അവതരിപ്പിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒന്നും രണ്ടും ദിവസമല്ല, 10 ദിവസത്തെ ലീവാണ് ഈ വിഭാഗത്തിൽ പാങ് ഡോങ് ലായി എന്ന കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ യു ഡോംഗ്ലായ് ജീവനക്കാർക്ക് അനുവദിച്ചത്. 'എല്ലാവർക്കും സന്തോഷമില്ലാത്ത സമയങ്ങളുണ്ട്, അതിനാൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ ജോലിക്ക് വരരുത്. ഈ മാറ്റം ജീവനക്കാരെ അവരുടെ വിശ്രമ സമയം നിർണയിക്കാൻ പ്രാപ്തരാക്കുന്നു. ഈ അവധി മാനേജ്മെൻ്റിന് നിഷേധിക്കാനാവില്ല.''-യു ഡോംഗ്ലായ് പറഞ്ഞു.
യു ഡോംഗ്ലായ് യുടെ കമ്പനിയിൽ ജീവനക്കാർ ഒരു ദിവസം ഏഴു മണിക്കൂർ ജോലി ചെയ്യണം. വാരാന്ത്യങ്ങളിൽ അവധിയുണ്ട്. അതോടൊപ്പം 30 മുതൽ 40 ദിവസം വരെ വാർഷികാവധിക്കും ജീവനക്കാർക്ക് അർഹതയുണ്ട്. അതോടൊപ്പം തന്നെ ചാന്ദ്ര പുതുവർഷത്തിൽ അഞ്ച് ദിവസത്തെ സ്പെഷ്യൽ അവധിയും നിലവിലുണ്ട്. ഇതൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോൾ അൺഹാപ്പി ലീവും അനുവദിച്ചിരിക്കുന്നത്.
കമ്പനിയിലെ ജീവനക്കാരുടെ ക്ഷേമമാണ് മുഖ്യമെന്നും അവർ ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ കമ്പനി നന്നായി മുന്നോട്ടുകൊണ്ടുപോവാനാകൂവെന്നും യു കൂട്ടിച്ചേർത്തു. മാത്രമല്ല, അവരുടെ സ്വാതന്ത്ര്യവും സ്നേഹവും പ്രധാനമാണ്.
കൈയടികളോടെയാണ് സാമൂഹിക മാധ്യമങ്ങൾ ഈ തീരുമാനത്തെ വരവേറ്റത്. ഇത്രയും നല്ല മുതലാളിയും കമ്പനിയും എല്ലായിടത്തും വേണമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. സന്തോഷവും ബഹുമാനവും ലഭിക്കുമെന്നതിനാൽ പാങ്ക് ഡോങ് ലായിയിൽ ജോലി ചെയ്യാനുള്ള ആഗ്രഹവും ചിലർ പ്രകടിപ്പിച്ചു. കുറഞ്ഞ ശമ്പളത്തിൽ ജീവനക്കാരെ അധിക സമയം ജോലി ചെയ്യിപ്പിക്കുന്നതിനും എതിരാണ് ഈ ബോസ്.ചൈനയിലെ 65 ശതമാനത്തിലധികം ജീവനക്കാരും തൊഴിലിടങ്ങളിൽ അസന്തുഷ്ടി അനുഭവിക്കുന്നതായി 2021ലെ സർവേയിൽ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് പല കമ്പനികളും മാറിച്ചിന്തിച്ചു തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

