ചൈനീസ് യുദ്ധവിമാനം അനധികൃതമായി തായ്‌വാനിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ട്
text_fieldsതായ്‌പേയ്: ചൈനീസ് സൈനിക വിമാനം തായ്‌വാനിലെ വ്യോമ പ്രതിരോധ ഐഡന്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചതായി തായ്‌വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് ഷെന്‍യാങിന്‍റെ ജെ-16 യുദ്ധവിമാനമാണ് തായ്‌വാനിലെ എ.ഡി.ഐസിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തേക്ക് പറന്നതെന്ന് തായ്‍വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ മാസം തായ്‍വാനിൽ ചൈന നടത്തുന്ന 12-ാമത്തെ നുഴഞ്ഞുകയറ്റമാണിത്.
യുദ്ധവിമാനം അയച്ചതിന് മറുപടിയായി തായ്‍വാന്‍ റേഡിയോ മുന്നറിയിപ്പുകൾ നൽകുകയും പി.എൽ.എ.എ.എഫ് ജെറ്റിനെ നിരീക്ഷിക്കാൻ വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു. എയർ ട്രാഫിക് കൺട്രോളർമാർ ഒരു രാജ്യത്തേക്ക് കടന്നുവരുന്ന വിമാനങ്ങളോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്ന പ്രദേശമാണ് എ.ഡി.ഐസ്. ഇതുവരെ 26 യുദ്ധവിമാനങ്ങളും ഒമ്പത് സ്പോട്ടർ വിമാനങ്ങളും മൂന്ന് ഹെലികോപ്റ്ററുകളും ഉൾപ്പെടെ 38 ചൈനീസ് സൈനിക വിമാനങ്ങളാണ് ഈ മാസം തായ്‌വാനിൽ അനധികൃതമായി പ്രവേശിച്ചിട്ടുള്ളത്.
കുറെ വർഷങ്ങളായി ചൈനയുടെ തെക്ക് കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന തായ്‌വാന്റെ മേൽ പൂർണ്ണ അധികാരം ലഭിക്കാനുള്ള ശ്രമങ്ങൾ ചൈന നടത്തിവരുന്നുണ്ട്. ഏകദേശം 24 ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള തായ്‍വാന്‍ യു.എസ് ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വർധിപ്പിച്ചുകൊണ്ടാണ് ചൈനയുടെ ആക്രമണത്തെ ചെറുത്തുനിൽക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ചൈന നിശിതമായി എതിർക്കുന്നുണ്ട്. യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തുന്ന സാഹചര്യത്തിൽ പലരും തായ്‍വാന് മേൽ ചൈന ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.