ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ ബി.ജെ.പി ആസ്ഥാനത്ത്; ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യസന്ദർശനം
text_fieldsചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ ബി.ജെ.പി ആസ്ഥാനത്ത് എത്തിയപ്പോൾ
ന്യൂഡൽഹി: 2020ൽ ഗൽവാൻ താഴ്‌വരയിലുണ്ടായ സൈനിക സംഘർഷത്തിന് ശേഷം ആദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.സി) ഉന്നതതല പ്രതിനിധി സംഘം ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനം സന്ദർശിച്ച് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇരു പാർട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
തിങ്കളാഴ്ചയാണ് സി.പി.സിയുടെ ഇന്റർനാഷണൽ ഡിപാർട്ട്‌മെന്റ് വൈസ് മിനിസ്റ്റർ സുൻ ഹൈയാന്റെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി ആസ്ഥാനത്തെത്തിയത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, വിദേശകാര്യ വിഭാഗം ഇൻ-ചാർജ് വിജയ് ചൗതായ്‌വാലെ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ബി.ജെ.പിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ വർധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫീഹോങ്ങും സംഘത്തോടൊപ്പമുണ്ടായിരുന്നു.
2024 ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റവും നയതന്ത്ര ചർച്ചകളും പുനരാരംഭിച്ചു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പാർട്ടിതല സന്ദർശനം.
ചൈനയുമായുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ബന്ധത്തെച്ചൊല്ലി നേരത്തെ വലിയ രാഷ്ട്രീയ തർക്കങ്ങൾ നിലനിന്നിരുന്നു. 2018ൽ രാഹുൽ ഗാന്ധി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യ കരാറിൽ ഒപ്പിട്ടുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. മറുവശത്ത്, അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് കോൺഗ്രസും വിമർശിച്ചു.
2020ലെ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യം വഴിമാറുന്നതിന്‍റെ സൂചനയായാണ് ഉന്നതതലത്തിലുള്ള ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

