അമ്മയുടെ സ്വർണ നെക്‍ലേസ് കടിച്ചു മുറിച്ച് കഷണങ്ങളാക്കി ക്ലാസിലെ കൂട്ടുകാർക്ക് സമ്മാനമായി നൽകി എട്ടുവയസുകാരൻ
text_fieldsഅമ്മ വിവാഹത്തിനണിഞ്ഞിരുന്ന സ്വർണ നെക്‍ലസ് മുറിച്ചു കഷണങ്ങളാക്കി തന്റെ സഹപാഠികൾക്ക് സമ്മാനിച്ച് എട്ടു വയസുകാരൻ. കിഴക്കൻ ചൈനയിലാണ് സംഭവം. ഇത്രയും വിലപിടിച്ച സമ്മാനം കിട്ടിയ കാര്യം സഹപാഠികളിലൊരാൾ കുട്ടിയുടെ സഹോദരിയോട് പറഞ്ഞു. സഹോദരി വീട്ടിൽ വന്ന് ഇക്കാര്യം പറയുമ്പോഴാണ് മാതാപിതാക്കൾ മാല നഷ്ടമായ കാര്യം അറിയുന്നത് തന്നെ.
രോഷാകുലയായ അമ്മ കുട്ടിയെ ഒരുപാട് വഴക്കു പറഞ്ഞു. പിതാവ് കുട്ടിയെ ശിക്ഷയായി അടിക്കുകയും ചെയ്തു.
മാലയുടെ ചെറിയ ഭാഗം ഒഴിച്ച് മറ്റുള്ളതൊന്നും മാതാപിതാക്കൾക്ക് കണ്ടെടുക്കാനായിട്ടില്ല. എന്നാൽ മാലയുടെ മൂല്യത്തെ കുറിച്ച് അറിയാതെയാണ് കുട്ടി അത് സഹപാഠികൾക്ക് സമ്മാനിച്ചത്. സ്വർണമാലയാണ് കുട്ടി നൽകിയതെന്നു സഹപാഠികൾക്കും മനസിലായില്ല. മാലയുടെ മറ്റ് ഭാഗങ്ങൾ എവിടെയാണ് സൂക്ഷിച്ചത് എന്ന് ഓർത്തെടുക്കാനും അവന് കഴിഞ്ഞില്ല.
ഇക്കാര്യം കുട്ടിയുടെ അമ്മ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. നിങ്ങൾക്കിതൊരു തമാശയായി തോന്നിയേക്കാം...എന്നാൽ സംഭവം സത്യമാണ് എന്നു പറഞ്ഞുകൊണ്ടാണ് അമ്മ പോസ്റ്റ് പങ്കുവെച്ചത്. അമ്മ ചോദ്യം ചെയ്തപ്പോൾ സമ്മാനം നൽകിയ കാര്യം കുട്ടി സമ്മതിക്കുകയും ചെയ്തു. വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ ഡ്രോയറിൽ നിന്ന് കുട്ടി മാല എടുത്തതായി മാതാപിതാക്കൾ മനസിലാക്കിയത്. കുട്ടിയുടെ അമ്മയുടെ അച്ഛൻ സമ്മാനിച്ച മാലയായിരുന്നു അത്. ഒരു പ്ലെയറും ലൈറ്ററും ഉപയോഗിച്ചാണ് കുട്ടി മാല മുറിച്ചെടുക്കാൻ നോക്കുന്നത്. എന്നാൽ അത് സാധ്യമാകാതെ വന്നപ്പോൾ കുട്ടി സ്വർണമാല കടിച്ചുമുറിക്കുകയായിരുന്നു.
നിരവധിയാളുകളാണ് അമ്മയുടെ പോസ്റ്റിന് പ്രതികരിച്ചത്.
കുട്ടിക്ക് ഉടൻ തന്നെ നല്ല ബോധവത്കരണം നൽകണം. അല്ലാത്തപക്ഷം അവൻ നിങ്ങളുടെ വീട് തന്നെ വിൽക്കും എന്നാണ് ഒരാൾ പ്രതികരിച്ചത്. അവൻ ഏതെങ്കിലും പെൺകുട്ടികൾക്കാണ് നൽകിയത് എങ്കിൽ മാല തേടി നടക്കാതിരിക്കുകയാണ് നല്ലത്. അവരിലൊരാളെ ഭാവിയിൽ നിങ്ങളുടെ മരുമകളാക്കാമല്ലോ എന്നാണ് മറ്റൊരാൾ കുറിച്ചത്. മാല കളഞ്ഞതിന് കുട്ടിയെ ഉപദ്രവിച്ച പിതാവ് ജുവനൈൽ സംരക്ഷണ നിയമപ്രകാരം കുറ്റക്കാരനാണെന്നാണ് ഒരു അഭിഭാഷകന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

